Sunday 2 June 2019

ആരാണെന്നോ...ആരൊക്കെയാണെന്നോ  തൽക്കാലം പേരെടുത്തു പറയുന്നില്ല. പക്ഷേ, പറയാതെ പറ്റില്ല എന്ന ഒരു സീറ്റുവേഷൻ വന്നാൽ പറയുക തന്നെ ചെയ്യും.

1. ഞാൻ ജനിച്ച വിശേഷം എന്റെ ചേട്ടൻ കൂട്ടുകാരോട് പറയുന്നു. കൂട്ടുകാർ ചേട്ടനെ കളിയാക്കുന്നു. 'ഓഹ്..കറുത്ത കൊച്ചായിരിക്കും.' ചേട്ടൻ വീട്ടിൽ ചെന്നിട്ട് കൂട്ടുകാർ കളിയാക്കിയ വിവരം ചെന്ന് പറയുന്നു. വീട്ടുകാർ എന്ത് പറഞ്ഞെന്ന് അറിയില്ല. ഈ സംഭവം ഞാൻ കുറച്ചു വർഷങ്ങൾ മുൻപാണ് അറിയുന്നത്. ഏത് കൂട്ടുകാരാണ് പറഞ്ഞതെന്നും അറിയില്ല.

2. ഒന്നിലോ രണ്ടിലോ പഠിക്കുമ്പോൾ ആണ് എന്നെക്കാൾ ഒരു ക്ലാസ്സ് ജൂനിയർ പയ്യൻ (
അവനോടു ഞാൻ മുൻപ് മിണ്ടിയിട്ടു പോലും ഇല്ല. മാത്‌സ് ടീച്ചറുടെ മോൻ ആണ് എന്നറിയാം.) എന്റെ അടുത്തു വന്നിട്ട് എന്റെ ഭാഗത്ത് നിന്ന് ഒരു പ്രോവൊക്കേഷനും കൂടാതെ 'നീ എന്ത് ബ്ലാക്ക്‌ ആണ്? നിന്റെ വീട്ടിലുള്ളവർ എല്ലാം ബ്ലാക്ക്‌ ആണോ?' എന്ന് പറഞ്ഞു എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് ഓടി പോകുന്നു. വീട്ടിൽ ചെന്ന് വിഷമം പറഞ്ഞിട്ടും ആരും എനിക്ക് വേണ്ടി ചോദിക്കാൻ ശ്രമിച്ചില്ല.  I was forced to keep calm. അവൻ മാത്‌സ് ടീച്ചറുടെ മോൻ ആണ്. കംപ്ലൈന്റ് കൊടുത്താൽ എന്റെ മാർക്ക് കുറയ്ക്കും സ്കൂളിൽ നിന്നൊക്കെ പുറത്താക്കിയാലോ എന്ന ലൈൻ. Pathetic. അപ്പോഴും ഇപ്പോഴും ഞാൻ ആലോചിക്കുന്നത് ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്നാണ് . എന്തിനാണ് അവൻ വെറുതെ വന്നു അങ്ങനെ പറഞ്ഞിട്ട് പോയത് എന്നാണ്. ഈ പയ്യൻ ഇപ്പോൾ ഒരു പ്രൊഫഷണൽ മോട്ടിവേഷണൽ സ്‌പീക്കർ ആണ്. Genuine ആയിട്ടുള്ള ഒരു ചെയ്ഞ്ച് അവന് ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലത്.

3. ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നു കരുതിയ ചില പെണ്കുട്ടികള് എന്നോട് തന്നെ വന്നു ചോദിക്കുന്നു..അല്ലെങ്കിൽ പരിഭവം പറയുന്നു. 'അയ്യോ...ഞാൻ കറുത്തു പോയോ?', 'കുടയെടുക്ക് വെയിലു കൊണ്ടാൽ കറുത്തു പോകും.' അല്ലെങ്കിൽ വേറെ ആരെങ്കിലെയും കുറിച്ചു പറയുമ്പോൾ..  'അവൻ / അവൾ ഭയങ്കര കറുത്തിട്ടാണ്'.

4. ഗ്രൂപ്പ് ഡാൻസ് പഠിപ്പിക്കുന്ന സാർ ഡാൻസ് പ്രാക്ടിസിന്റെ ഇടക്ക് എല്ലാ പിള്ളേര്ക്കും സുന്ദരിപ്പട്ടം ചാർത്തി കൊടുക്കുന്നു. മിസ് ഇന്ത്യ, മിസ് യൂ.എസ്.എ, മിസ് റഷ്യ അങ്ങനെ ഒരു ലിസ്റ്റ്. എനിക്കും വേറൊരു കുട്ടിയ്ക്കും മിസ് ആഫ്രിക്ക പട്ടം ചാർത്തി തരുന്നു. ബാക്കി ആർക്കും കിട്ടാത്ത ഒരു ഗ്രൂപ്പ് പൊട്ടിചിരിയും എകസ്ട്രാ കിട്ടി.

5. ഏത് ക്ലാസ് ആണെന്ന് കറക്റ്റ് ആയി ഓർക്കുന്നില്ല. ടീച്ചർ Ugly and Beautiful എന്ന വാക്കുകൾ പഠിപ്പിക്കുകയാണ്. ബുക്കിൽ രണ്ടു സ്ത്രീകളുടെ പടവും ഉണ്ട്. Beautiful എന്ന് എഴുതിയിരിക്കുന്ന അവിടെ വെളുത്ത മെലിഞ്ഞ ഒരു സ്ത്രീയുടെ പടം. Ugly എന്ന് എഴുതിയിരിക്കുന്നതിന്റെ അവിടെ കറുത്തിട്ടും അല്പം വണ്ണവും ഉള്ള സ്ത്രീയുടെ പടം. പഠിപ്പിക്കുമ്പോൾ ബാക്കി ഉള്ളവർ എന്നെ നോക്കി ചിരിക്കുന്നു.

6. ദീനാമ്മ എന്ന ചെറുകഥ പഠിക്കാൻ ഉണ്ടായിരുന്ന വർഷം. ടീച്ചർ ക്ലാസ് എടുത്തു കഴിഞ്ഞു ബെൽ അടിച്ചപ്പോൾ മുതൽ അടുത്തിരുന്നവർ ദീനാമ്മേ ദീനാമ്മേ എന്നു വിളിച്ചു കൊണ്ടിരിക്കുന്നു.

7. കറുത്ത നിറം ആയത് കൊണ്ട് മാത്രം സ്കൂളിലെ ഡാൻസ് പോലുള്ള ഇവന്റ്സിൽ നിന്ന് മാറ്റപ്പെടുന്നു. പല പ്രാവശ്യം.

8. ഒരു ടീച്ചർ, ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ക്ലാസ് നിർത്തിയിട്ട് ഇടക്കിടെ പറയും. 'Tanu is dark / black. But, she is cute. Is it not ?'. ക്ലാസ്സിൽ ഉള്ളവർ 'Yes' എന്ന് കോറസ് ആയി പറയും. She is cute എന്ന് പറയുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ടെങ്കിലും, പിന്നീട് മുതിർന്നപ്പോൾ എന്റെ മൈൻഡിലേക്ക് strike ആയത് cute എന്ന് പറയുന്നതിന്റെ പിന്നിലെ 'IS DARK / BLACK, BUT' എന്ന വാക്കുകൾ ആണ്.

9. എന്റെ ടീനേജ് പ്രായം. ശാരീരികമായ മാറ്റങ്ങൾ ഉണ്ടാകുന്ന സമയം. ചെറുപ്പത്തിൽ മെലിഞ്ഞിരുന്ന എനിക്ക് വണ്ണം വെച്ചു വരുന്നു. ഡാൻസ് പഠിപ്പിക്കുന്ന മറ്റൊരു ടീച്ചർ കുട്ടികളുടെ മുന്നിൽ വെച്ചു പറയുന്നു. കുറച്ചൊക്കെ കഴിക്ക്. വലിച്ചു വാരി തിന്നാൽ വീർത്ത് വീപ്പ പോലെ ആകും എന്ന് പറയുന്നു.

10. ഡാൻസ് പ്രോഗ്രാമിന് ആദ്യമേ മേക്കപ്പ് ഇടാൻ വേണ്ടി ചെന്ന് നിന്നപ്പോൾ മേക്കപ്പ് ഇടാൻ വന്ന ആൾ എന്നെ മാറ്റി നിർത്തുന്നു. എന്നെ മേക്കപ്പ് ചെയ്യാൻ കുറെ സമയം വേണ്ടി വരും. ബാക്കി ഉള്ളവർക്ക് ചെയ്തിട്ട് ചെയ്യാമെന്ന് പറയുന്നു. ബാക്കി ഉള്ളവരുടെ മുഖത്ത് മാത്രം മേക്കപ്പ് ഇടുമ്പോൾ എന്റെ കൈയ്യിലും കാലിലും വരെ മേക്കപ്പ്.

ഇത്രയും സ്കൂളിൽ പഠിക്കുമ്പോൾ നടന്ന ചില കാര്യങ്ങൾ ആണ്.

11. കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ചില പേരുകൾ ചാർത്തി കിട്ടി. കാക്ക, ആന പിന്നെ എനിക്ക് പറയാൻ തോന്നുന്നിലാത്ത പേരുകൾ. എന്റെ physique വെച്ചു കൊണ്ടുള്ള പേരുകൾ. ക്ലാസ്സിൽ വെച്ചും... ഇടക്ക് നടന്ന് പോകുമ്പോഴും ഒക്കെ കാക്ക കരയുന്ന ശബ്ദം ബാക്ക്ഗ്രൗണ്ട് ആയി ഇട്ടു തരാൻ ആളുകൾ ഉണ്ടായിരിന്നു.

12. ഒരു പരിചയവും ഇല്ലാത്ത.. മുൻപ് കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ വന്നു ചോദിക്കുന്നു. എന്താ മുഖത്ത് ഇങ്ങനെ കറുത്ത പാട് പോലെ ഇരിക്കുന്നേ എന്ന് ചോദിക്കുന്നു.

13. ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ പറയുന്നു... നിന്നെയൊക്കെ ഏതെങ്കിലും കരുമാടിക്കുട്ടനെ കെട്ടുള്ളൂ.


ഓഫീസിലും സ്ഥിതി മെച്ചമൊന്നും അല്ലായിരുന്നു.

14. കാക്ക എന്ന വിളി അവിടെയും ഉണ്ടായിരുന്നു.

15. എന്നെ കാണാൻ ഭംഗി ഒന്നും ഇല്ല എന്നും എന്റെ വയർ ചാടി ഇരിക്കുന്നതിനെ പറ്റിയും ഓഫീസിലെ one of the top positions ഇരിക്കുന്ന ആളുടെ കമെന്റ്. ഒഫീഷ്യൽ കാര്യങ്ങൾ discuss ചെയ്യാൻ വിളിച്ച മീറ്റിൽ ആണ് ഈ കമെന്റ്‌സ് കേൾക്കുന്നത്.


ഇനി അടുത്തത്. കല്യാണം.

16. എന്റെ ഫോട്ടോ കണ്ടപ്പോൾ കിട്ടിയ ആദ്യ റെസ്പോണ്സ്‌ 'ഭയങ്കര കറുപ്പാണല്ലോ' എന്നാണ്. എന്റെ വിദ്യാഭ്യാസവും ജോലിയും ഒന്നും ആ പിക്ചറിലേ വന്നില്ല. ഈ റെസ്പോണ്സിനെ പറ്റി എന്നോട് പറഞ്ഞ വ്യക്തി, അന്നത് പറഞ്ഞതിൽ regret ചെയ്യുന്നെന്നു എന്നോട് പിന്നീട് പറഞ്ഞു. ബട്ട് പറഞ്ഞത് കൊണ്ട് നന്നായി എന്നെ ഞാൻ പറയുള്ളൂ. അല്ലെങ്കിൽ കഥയറിയാതെ ആട്ടം കണ്ടു തുള്ളി നടന്നേനെ. റിപീറ്റേഡ് ആയി ബോഡിഷെമിങ്‌ കമെന്റ്‌സ് വന്നപ്പോൾ ഈ alliance മുന്നോട്ട് പോകേണ്ട എന്ന് വെച്ചതാണ്. engagementന്റെ തലേ ദിവസവും ഇത് ശരിയാവുമോ എന്നൊരു തോന്നൽ എന്റെ മനസിലേക്ക് വന്നു കയറി എന്നത് വാസ്തവം മാത്രം. വന്നു കയറുന്ന കുട്ടി കറുത്തതാണെന്നു വിഷമം പറഞ്ഞ വീട്ടിൽ നിന്ന് ഇനി എന്തൊക്കെ കേൾക്കേണ്ടി വരും എന്നും ചിന്തിക്കാതിരുന്നില്ല. engagementന്റെ തലേ ദിവസം രാത്രി ഭാവി വരൻ ഫോണിൽ വിളിച്ചു പറഞ്ഞ കാര്യങ്ങളും ഈ ചിന്തയുടെ ആക്കം കൂട്ടി.

17. engagementഇനും കല്യാണത്തിനും എന്റെ മേക്കപ്പിനെ ചൊല്ലി ഞാൻ കേൾക്കേണ്ടി വന്ന പഴി, പരിഹാസം ഒരിക്കലും മറക്കില്ല. ആരൊക്കെയാണെന്ന് അധിക്ഷേപിച്ചതെന്നും ഒരിക്കലും മറക്കില്ല.

18. കല്യാണപയ്യനെ കണ്ടപ്പോൾ ചിലരുടെ കമെന്റ്. തനൂജയ്ക്ക് നല്ല വെളുത്ത ചെക്കനെ കിട്ടിയല്ലോ. ഞാൻ എന്തോ മുൻജന്മ സുകൃതം ചെയ്ത പോലെ. ഇതിൽ കൂടുതൽ എന്തു ഭാഗ്യം വേണം എന്ന ലൈൻ.

19. നാട്ടിൽ വെച്ചു ഞാനും എന്റെ ഭർത്താവും നടന്നു പോകുമ്പോൾ ഞങ്ങളെ ശ്രദ്ധിക്കുന്ന ആളുകളെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതെന്ത് കോംബിനേഷൻ എന്നത് പോലെ. ഇവിടെ ഒന്നു എടുത്തു പറയാതെ വയ്യ. ബാംഗ്ലൂർ വന്നിട്ട് I never faced such a situation.

20. കല്യാണം കഴിഞ്ഞു. മഞ്ഞൾ തേച്ചാൽ വെളുക്കും..കാറ്റർവാഴയുടെ നീരു തേച്ചാൽ മുഖത്തെ പാട് മാറും.. മുതലായ ഒറ്റമൂലി വൈദ്യം. എന്തൊക്കെയോ എണ്ണ തേച്ചു കുളിക്കാൻ പറഞ്ഞു നിർബന്ധിക്കുന്നു. ആ പറച്ചിലുകളിൽ ഒരിക്കലും care എന്നത് എനിക്ക് ഫീൽ ചെയ്തിട്ടില്ല. എന്റെ നിറം അവിടെ ഒരു പ്രശ്നം ആണെന്ന് ഞാൻ മനസ്സിലാക്കി. തനൂജയുടെ വണ്ണവും മുടിയുടെ നീളവും മറ്റു പലതും അവിടെ പ്രശ്നം ആയി.

21. നാട്ടിൽ പോകുമ്പോൾ എല്ലാം ഭർത്താവിന്റെ ഒരു relativeന്റെ മകൻ വന്നു 'ചിറ്റ ഭയങ്കര കറുത്തിട്ടാണ്‌' എന്ന് പറയുന്നു. അത് കേട്ട് അവിടെ ഉണ്ടായിരുന്നവർ ചിരിക്കുന്നു. പിന്നീട് ഒരിക്കെ ടിവിയിൽ ഹിറ്റിന്റെ പരസ്യം വന്നപ്പോൾ എന്റെ പുറകെ നടന്ന് കറുത്ത ഹിറ്റ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അപ്പോഴും അടുത്തിരുന്നവർ എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടിരുന്നതെ ഉള്ളു. പിന്നീട് ഒരിക്കൽ വീണ്ടും ഇങ്ങനെ ഉണ്ടായപ്പോൾ അവനോട്, ഇപ്പൊ പറഞ്ഞത് അവന്റെ അച്ഛന്റെയും എന്റെ ഭർത്താവിന്റെയും മുന്നിൽ ചെന്ന് പറയാൻ പറഞ്ഞു. അവരെങ്കിലും അവൻ പറയുന്നതിലെ ശരികെട് പറഞ്ഞു കൊടുക്കുമെന്ന് കരുതി. I was totally wrong there. അവരും ഒരക്ഷരം മിണ്ടിയില്ല. Very Very Pathetic.

22. എന്റെ പീരിയഡ്സ് ചിലപ്പോ കുറച്ചു ദിവസം ലേറ്റ് ആയി ആണ് വരുന്നതെന്ന് ഒരാൾ അറിഞ്ഞപ്പോൾ കിട്ടിയ ആദ്യത്തെ മറുചോദ്യം 'ഇനി കുട്ടികൾ ഉണ്ടാവില്ലായിരിക്കുമോ?' എന്നാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളുടെ വായിൽ നിന്നാണ് ഞാൻ കേട്ടത്. എന്റെ മരണം വരെ ഞാൻ അത് മറക്കില്ല.

ഇനിയും ഉണ്ട് കുറെ. ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ എന്നെ കാണുന്നില്ല എന്നൊക്കെ കളിയാക്കി കൊണ്ടുള്ള കമെന്റ്. ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ സെയിൽസ് ഗേൾസിന്റെ കമന്റ്‌സ്. തല്ക്കാലം ലിസ്റ്റ് ഇവിടെ നിർത്തുന്നു. ഒന്നും exagerrated അല്ല എന്ന് മാത്രം മനസിലാക്കുക. എല്ലാം നടന്നതാണ്.

ഇങ്ങനെയെല്ലാം ഉണ്ടായപ്പോൾ ഞാൻ എന്ത് ചെയ്തു എന്ന് ആലോചിക്കുണ്ടാവും അല്ലേ?! ഉള്ളിൽ നല്ല ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും പലപ്പോഴും അതൊരു ഇഷ്യൂ ആയി മാറാതിരിക്കാൻ മിണ്ടാതിരുന്നു. ഇത്തരത്തിൽ ഉള്ള ഒരു കോൺവെർസേഷൻ ബിൽഡ് ആയി വരുമ്പോൾ പതിയെ അത്തരം ചർച്ചകളിൽ നിന്ന് ഒഴിഞ്ഞു മാറി. ചിലരോടൊക്കെ തിരിച്ചും അതേപോലെ പറഞ്ഞു. അതൊരു സെല്ഫ് ഡിഫെൻസ് ആയിരുന്നു. ചിലത് ഞാൻ തന്നെ ചിരി വരുത്തി ഒഴിവാക്കി. അവരുടെ വിവരമില്ലായ്മ എന്ന് സ്വയം പറഞ്ഞു സമാധാനിക്കാൻ ശ്രമിച്ചു. I tried to stay calm.

ആളുകൾ ഈ പറയുന്നത് ഒക്കെ ignore ചെയ്യാൻ കഴിയാത്തത് എന്റെ immaturity ആണെന്നാണ് ചില വ്യക്തികൾ പറഞ്ഞത്. അവരോടാണ് ഇനി പറയുന്നത്. ഞാൻ ignore ചെയ്തിട്ടേ ഉള്ളു. എനിക്ക് 30 വയസ്സ് ആകാൻ പോകുന്നു. ജനിച്ചപ്പോൾ മുതൽ കേൾക്കുന്നത് ഇന്ന് വരെ ignore ചെയ്തിട്ടേ ഉള്ളു. ഒരാളോടും നീയാരാ എന്നോട് ഇങ്ങനെ പറയാൻ എന്ന് ചോദിച്ചിട്ടില്ല. ചോദിക്കാതിരുന്നത് എന്റെ തെറ്റ് എന്ന് ഞാൻ മനസിലാകുന്നു. .

പക്ഷേ, ഇനി ഇല്ല. അങ്ങനെ ചെയ്‌താൽ...അത് എന്നോട് തന്നെ ചെയ്യുന്ന ശരികേടാകും. ഓരോരുത്തരുടെ പ്രായത്തിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ എന്നോട് പറയുന്നത് എന്നു പറഞ്ഞു ന്യായീകരിക്കാൻ വരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു.  ഇത് പ്രായത്തിന്റെ കുഴപ്പം അല്ലാ.. വിവരക്കേടിന്റെ കുഴപ്പം ആണ്. നിങ്ങളുടെ സൃഹുത്ത് ഒരു തുണിക്കടയിൽ വെച്ച് ബോഡിഷെമിംഗ് നടത്തിയത് നിങ്ങൾ മറന്നിട്ടുണ്ടാവില്ലല്ലോ. അവർക്ക് നിങ്ങളുടെ അതെ പ്രായം തന്നെയായിരുന്നെന്ന് ഒന്ന് ഓർത്താൽ നന്ന്. നേരത്തെ പറഞ്ഞ റിലേറ്റീവിന്റെ കുട്ടിയില്ലേ?! അവന് പത്തു വയസ്സിൽ താഴെയേ പ്രായം ഉള്ളു.

ഇങ്ങനെ വിവരക്കേട് കാണിക്കുന്നവരോട് മിണ്ടാതിരുന്നാൽ... ഇനിയുള്ള ജനറേഷനും ഇത് കേൾക്കേണ്ടി വരും. അങ്ങനെയൊന്ന് ഉണ്ടാവാതിരിക്കാൻ എന്നെകൊണ്ട് ആവുന്നത് പോലെ ഞാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

ഇത് വരെ പറഞ്ഞത് ബോഡി ഷെമിങ് മാത്രമാണ്. വംശീയ അധിക്ഷേപം മറ്റൊരു സൈഡിൽ കൂടി നടക്കുന്നുണ്ട്. ശാരീരികമായ ചൂഷണങ്ങളും  ഏൽക്കേണ്ടി വന്നിട്ടുണ്ട്.

ഞാൻ മനസിലാക്കി വരുവാണ്. ഓരോ ആളുകളെയും. അവരുടെ ചിരിയുടെ പിന്നിലെ ക്രൂരതയും. ഓരോ അനുഭവങ്ങൾ ആണ് എന്നെ പഠിപ്പിക്കുന്നത്. എല്ലാം തുറന്ന് മിണ്ടാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത്.

ബോഡി ഷെമിങ് ഒരുപാട് നോര്മലൈസ് ചെയ്യപ്പെട്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോഴും ആണ്. അല്ലെന്നല്ല. പക്ഷെ, ഇന്ന് അത് ശെരിയല്ല എന്നൊരു തിരിച്ചറിവ് എനിക്ക് ഉണ്ട്. ആ ഒരു തിരിച്ചറിവ് ഇല്ലാതിരുന്ന കാലത്തു... വിവരം ഇല്ലാതിരുന്ന കാലത്ത്...  ഞാനും ഇത് പോലുള്ള കമന്റ്സ് പറഞ്ഞിട്ടുണ്ട്. അന്നങ്ങനെ പറഞ്ഞു പോയതിൽ ഇന്ന് എനിക്ക് കുറ്റബോധം ഉണ്ട്. അന്ന് ആ തെറ്റ് തിരുത്തി തരാൻ ആരും ഉണ്ടായിരുന്നില്ല. ആ തെറ്റ് ഞാൻ ഇപ്പോൾ തിരുത്തികൊണ്ടിരിക്കുകയാണ്. 

Monday 13 May 2019

Pain to Courage

ഞാൻ എന്നെ കുറിച്ച് തന്നെ ആലോചിക്കുവായിരുന്നു. ഒരു 20 വര്ഷം മുൻപത്തെ എന്നെ...ഒരു 15 വര്ഷം മുൻപത്തെ എന്നെ.. 10 വര്ഷം മുന്നേ... 5 വര്ഷം മുന്നേ.. കഴിഞ്ഞ വര്ഷം. ഓരോ വര്ഷം കഴിയുബോഴും പുതിയ പുതിയ തിരിച്ചറിവുകൾ ഉണ്ടാകുന്നു. ശാരീരികമായ മാറ്റങ്ങളെ കൂടാതെ മാനസികമായും ഒരുപാട് മാറ്റങ്ങൾ.

ഞാൻ നേരിട്ട നല്ലതും മോശവും ആയ അനുഭവങ്ങൾ, എന്റെ ജീവിതത്തിൽ വന്നു പോയിട്ടുള്ളതും ഇപ്പോഴും ഉള്ളതുമായിട്ടുള്ള  മനുഷ്യർ, അവരുമായുള്ള സംഭാഷണങ്ങൾ, അധികം ഒന്നുമില്ലെങ്കിലും ഞാൻ കണ്ടിട്ടുള്ള സിനിമകൾ, വായിച്ച പുസ്തകങ്ങൾ... അങ്ങനെ എല്ലാ ദിവസവും ഞാൻ ഫേസ് ചെയ്യുന്ന എല്ലാം എന്നെ മോൾഡ് ചെയ്യുകയായിരുന്നു. ആ മാറ്റങ്ങളെ ഞാൻ സ്വീകരിച്ചു പോന്നു. അതൊന്നും മനഃപൂർവം ആയിരുന്നില്ല. നാച്ചുറൽ ആയി സംഭവിച്ചു പോന്നതാണ്.

മനസിന് ബാക്ക് ടു ബാക്ക് അടി കിട്ടിക്കൊണ്ടിരുന്ന സമയങ്ങൾ.. ആരോടും ഒന്നും മിണ്ടാൻ പോലും പറ്റാത്ത സമയങ്ങൾ.. അടക്കി പിടിച്ച ഇമോഷൻസ് എല്ലാം ദേഷ്യമായും കരച്ചിലായും വാശി ആയും ഒക്കെ പുറത്തു വന്നു. ആർക്കും ഒന്നും മനസിലായില്ല. Except me! ചേർത്തു പിടിച്ചു പുറത്തൊന്ന് തട്ടി ഇതൊക്കെ എന്ത് എന്നു പറയുമെന്ന് കരുതിയവർ നീയൊന്നും ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല എന്ന് പറയുന്നത് കേൾക്കേണ്ടി വരുന്ന അവസ്ഥ. ഞാൻ എന്നോട് തന്നെ വീണ്ടും വീണ്ടും ചോദിച്ചു. Why me? ഇപ്പോഴും ഉത്തരം ഒന്നും കിട്ടിയിട്ടില്ല.

ഇതിന്റെ ഒക്കെ ഇടയിലെ കോമഡി അതല്ല. വെറുതെ എന്റെ കാര്യം നോക്കിയിരിക്കുന്ന എന്നെ, ഒരു പരിചയവും ഇല്ലാത്ത..ഇതിനു മുൻപ് കണ്ടിട്ട് പോലും ഇല്ലാത്ത ആളുകൾ വെറുതെ വന്നു ചൊറിഞ്ഞിട്ട് പോയിട്ടുണ്ട്. ഒരു കാര്യവും ഇല്ലാതെ. അതെ.. ഒരു കാര്യവും ഇല്ലാതെ. പിന്നെ ഉപദേശം എന്ന പേരിൽ നല്ല A ക്ലാസ് ചെറ്റവർത്തമാനം പറഞ്ഞു വന്നവർ ഉണ്ട്. പറഞ്ഞു തുടങ്ങിയാൽ തീരില്ല. അത് കൊണ്ട് വേണ്ടാ.

പക്ഷേ എന്തായാലും ഇപ്പൊ, കുറേ വര്ഷം മുൻപത്തെ എന്നെ വെച്ച് നോക്കുമ്പോൾ ഞാൻ ഇപ്പോ ഒരുപാട് ഭേദം ആണ്. ഒരു സിറ്റുവേഷൻ വന്നാൽ എന്ത് ചെയ്യുമെന്ന് അറിയാതെ അന്ധാളിച്ചു നിന്നിരുന്ന എന്നിൽ നിന്നും എന്ത് വന്നാലും വന്നില്ലെങ്കിലും മുന്നോട്ട് തന്നെ എന്ന് കരുതുന്ന എന്നിലേക്ക് ഒരുപാട് ദൂരം സഞ്ചരിച്ചു വന്നിരിക്കുന്നു. ഞാൻ ആ മാറ്റത്തെ വളരെ പോസിറ്റീവ് ആയി ആണ്  കാണുന്നത്. ഭൂമിയുടെ ഏത് കോണിൽ കൊണ്ടോയി ഇട്ടാലും..എങ്ങനെയെങ്കിലും സർവൈവ് ചെയ്യും എന്ന കോൺഫിഡൻസ് എനിക്കിപ്പോൾ ഉണ്ട്.

ഇപ്പോഴും അവിടുന്നും ഇവിടുന്നും ഒക്കെ ഇടക്കിടെ കുത്തുവാക്കുകൾ കേൾക്കാറുണ്ട്. അതിന് കുറവൊന്നും ഇല്ല. ആളുകളും സബ്‌ജക്റ്റും ഓരോ കാലത്തിനനുസരിച്ചു  മാറികൊണ്ടിരിക്കുന്നു എന്ന് മാത്രം. മിണ്ടാതിരിക്കുന്നത് തിരിച്ചു മിണ്ടാൻ അറിയാൻ മേലാഞ്ഞിട്ട് അല്ലാ. വേണ്ടാന്ന് വെച്ചിട്ടാണ്. പക്ഷേ എന്നിട്ട്  പിന്നെയും പിന്നെയും ചൊറിയാൻ വരുവാണേൽ പ്രതികരിക്കും. ഉറപ്പാ!! 100 %. ജീവിതകാലം മുഴുവനും ഇമ്മാതിരി ചെറ്റവർത്തമാനം കേട്ടോണ്ടിരിക്കണം എന്ന് എനിക്ക് ഒരു നേർച്ചയും ഇല്ല. എല്ലാരേയും  ബോധ്യപ്പെടുത്തികൊണ്ട്  ജീവിക്കാനും എനിക്ക് ഉദ്ദേശമില്ല. Ultimately, എനിക്കെന്റെ സന്തോഷവും സമാധാനവും എന്റെ ജീവിതവും ആണ് വലുത്.

Courage is a feeling that makes you feel a feeling, feeling like you can do anything. ~ Wikipedia

Friday 5 April 2019

ഏതു ഫോട്ടോ ആണെങ്കിലും കുറച്ചധികം വര്ഷം കഴിഞ്ഞു വീണ്ടും കാണുമ്പോൾ ആണ് നമുക്ക് ആ ഫോട്ടോയുടെ ഫീൽ ആൻഡ് ഇമ്പോർട്ടൻസ് ശെരിക്കും എക്സ്പീരിയൻസ് ചെയ്യാൻ പറ്റുള്ളൂ. അതേപോലെ ഒരു ഫോട്ടോ ആണിത്. അച്ഛനും ഞാനും!!

എന്റെ ലൈഫിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ള വ്യക്തികളിൽ ഏറ്റവും നല്ല ഒരു മനുഷ്യൻ - എന്റെ അച്ഛൻ!! ഇനിയൊരു 10000 പേരെ കണ്ടാലും ആ സ്ഥാനം ആർക്കും റീപ്ലേസ് ചെയ്യാൻ പറ്റില്ല. ഇന്ന് ഞാൻ ഏറ്റവും മിസ്സ് ചെയ്യുന്നതും അച്ഛനെ ആണ്. എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവണം എന്ന് ആഗ്രഹിച്ച ഒരാൾ. അച്ഛൻ ഒരാളോടും കടുപ്പിച്ചു വർത്തമാനം പറയുന്ന ഞാൻ കണ്ടിട്ടില്ല. ഒരാളേം വെറുപ്പിച്ചിട്ടില്ല. എല്ലാ ആളുകൾക്കും സ്നേഹം തോന്നുന്ന കഥാപാത്രം. അതെന്തു മാജിക് ആണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.. എന്തോ ആളുകൾക്ക് ഇഷ്ടമാണ് അച്ഛനെ. കാര്യം എന്നെ വഴക്കൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും അത് എന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെയായതു കൊണ്ട് അതൊന്നും എനിക്ക് ഒരു വിഷയമേ അല്ല.

ദില്ലിമോന്റെ പ്രൊപ്പോസൽ വന്നപ്പോൾ ഞാൻ ഇത് വീട്ടുകാരോട് എങ്ങനെ പറയും എന്ന് ആലോചിച്ചു ആലോചിച്ചു..അവസാനം ഒരു ദിവസം അച്ഛനും ഞാനും മാത്രമായി കാറിൽ ഇരുന്നപ്പോൾ രണ്ടും കല്പിച്ചു പറഞ്ഞു.

"അതേയ്, എനിക്കൊരു പ്രൊപ്പോസൽ വന്നു!"

ഉടനെ തന്നെ റെസ്പോൺസും കിട്ടി. അച്ഛൻ ഉറക്കെ ചിരിച്ചു.

അച്ഛന്റെ ഒരു സ്പെഷ്യൽ ടോണിൽ "വെരി ഗുഡ്" എന്ന് പറഞ്ഞു.

"ബാംഗ്ലൂരിൽ ഓട്ടോമേഷൻ എഞ്ചിനീയർ ആണ്. തൃശൂർ കൊരട്ടിയിൽ ആണ് വീട്. " ഞാൻ ഫോട്ടോ കാണിച്ചു കൊടുത്തു.

ഞങ്ങൾ ചുമ്മാ കുറെ നേരം ചിരിച്ചു.

"സന്തോഷമായി" എന്ന് അച്ഛൻ പറഞ്ഞു. പ്രശ്നം ആകുമൊന്ന് വിചാരിച്ച ഞാൻ.. ങേ..ഇതെന്താ വഴക്കു പറയാത്തെ എന്നായിപോയി.

അച്ഛൻ ആണ് വീട്ടിലെ ബാക്കി ഉള്ളവരോട് പറഞ്ഞേ. അമ്മയും മൂത്ത ചേട്ടനും കട്ടകലിപ്പായിരുന്നു. അച്ഛൻ ആണ് അവരെ പറഞ്ഞു കൺവിൻസ് ചെയ്യിപ്പിച്ചത്. ഒരു പക്ഷേ, ഞങ്ങളുടെ കല്യാണം നടക്കണം എന്ന് എന്നെക്കാൾ കൂടുതൽ ആഗ്രഹിച്ചത് അച്ഛൻ ആയിരിക്കും. വാട്ട് എ ഹ്യൂമൻ ബീയിങ്!! എ ട്രൂ ജന്റിൽമാൻ.

അച്ഛന്റെ കൂടെയുണ്ടായിരുന്ന ഓരോ മെമ്മറീസും എനിക്ക് സ്പെഷ്യൽ ആണ്. എന്നെ സ്കൂളിൽ വിടാൻ റെഡിയാക്കുന്നത് മുതൽ.. എനിക്ക് ചോറ് വാരി തരുന്നത് മുതൽ.. എനിക്ക് വേണ്ടി അച്ഛൻ മിക്കപ്പോഴും വാങ്ങി തരുന്ന പലഹാരങ്ങൾ മുതൽ...അച്ഛന് സോഫയിൽ ഇരുന്നു പത്രം വായിക്കുമ്പോൾ മടിയിൽ തല വെച്ച് കിടക്കുന്നത് മുതൽ.. അച്ഛന്റെ തന്നെ ഓരോ അനുഭവങ്ങൾ കഥ പോലെ പറഞ്ഞു തന്നത് മുതൽ.. അച്ഛന്റെ കൂടെ നടത്തിയിട്ടുള്ള ഒരുപാട് കുഞ്ഞു കുഞ്ഞു കാർ യാത്രകൾ മുതൽ... അങ്ങനെ ഒരുപാട് ഒരുപാട് മെമ്മറീസ്.

ഞാൻ എന്തെങ്കിലും വിഷമം പറയുമ്പോൾ അച്ഛൻ പുറത്തു തട്ടി പറയും, "സാരമില്ലെടാ കുട്ടാ..!". അന്നേരം നമുക്ക് കിട്ടുന്ന ആ പോസറ്റീവ് എനർജി ആണ് എന്നെ സ്ട്രോങ്ങ് ആക്കുന്നത്. ഇപ്പോഴും മനസ്സ് വിഷമിച്ചിരിക്കുമ്പോൾ അച്ഛൻ അങ്ങനെ പറയുന്നതായി ഓർക്കും. വല്ലാത്തൊരു സ്ട്രെങ്ത് ആണ് അപ്പോൾ.

അച്ഛനോട് ഒരുപാട് ഒരുപാട് ഇഷ്ടം!! <3 <3


"കളേഴ്സ്  ഓഫ് ലൈഫ് " എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ  പോസ്റ്റ് ചെയ്തത്  - 4  മാർച്ച്  2019    
തെറി പറയാതെ അഭിപ്രായം പറയാനും പ്രതികരിക്കാനും ഒരാള്‍ക്ക് സാധിക്കില്ലേ?

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതെന്ന് തിരിച്ചറിയുന്നതിനോടൊപ്പം മാന്യമായ ഭാഷ നമ്മുടെ നിലവാരം കൂടി അടയാളപെടുത്തും എന്നോര്‍ത്താല്‍ നല്ലത്.

"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 19 December 2017 
എപ്പോള്‍ നിന്നില്‍ പക ജന്മമെടുക്കുന്നുവോ, അപ്പോള്‍ നിന്‍റെ നാശവും ജന്മമെടുക്കുന്നു.

"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 11 July 2017  
നമ്മള്‍, നമ്മളറിയാതെ നമുക്ക് ചുറ്റും ഒരു അതിര്‍വരമ്പ് തീര്‍ത്തിട്ടുണ്ട്. എത്ര അടുപ്പമുള്ള ആള്‍ ആണെങ്കില്‍ പോലും അത് മറികടക്കാന്‍ നമ്മള്‍ അനുവദിക്കാറില്ല. ഒന്നും മനപൂര്‍വ്വം അല്ല. അതൊരു പേര്‍സണല്‍ സ്പേസ് ആണ്. നമുക്ക് മാത്രം പ്രവേശനമുള്ള പേര്‍സണല്‍ സ്പേസ്. നമ്മുടെ ചിന്തകളെയും ആഗ്രഹങ്ങളെയും ഫാന്റസികളെയും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ സ്പേസ്.

"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 18 June  2017 
എല്ലാം ശരിയായി ശരിയായി നാളെ കേരളം തന്നെ ഉണ്ടാവുമൊന്നാണ് സംശയം. ആര് അധികാരത്തിൽ വന്നാലും ഇത് തന്നെയാണ് അവസ്ഥ. എന്നാ പിന്നെ എല്ലാ പാർട്ടിയും ഒന്നായി അങ്ങു പ്രഖ്യാപിച്ചാൽ പോരെ?!!

"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 5 April  2017