Friday 28 August 2015

ഇപ്പൊ പൊട്ടും!

ഇപ്പൊ പൊട്ടും! അതാ അവസ്ഥ. കുറച്ചു നേരമായി ഞാന്‍ ഇതിങ്ങനെ പിടിച്ചു നിര്‍ത്താന്‍ തുടങ്ങിയിട്ട്. വയ്യാ.. ഇനി ഒട്ടും വയ്യാ. കൈയ്യിന്ന്‍ പോയാല്‍ ആകെ നാണക്കെടാവൂലോ ദൈവമേ! ബസ്സില്‍ നിന്നിറങ്ങി ഞാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചോടി. ഓട്ടം എന്ന് വെച്ചാല്‍ ഒരു ഒന്നൊന്നര ഓട്ടം. ആള്‍ക്കാര്‍ക്കൊക്കെ വീട്ടില്‍ പോയി ഇരുന്നൂടെ. ഇങ്ങനെ വഴീല്‍ കൂടി ഇറങ്ങി നടക്കണോ. ഒരു മറ. ഒരു കുഞ്ഞു മറ. അത്രേ വേണ്ടുള്ള്. ലോകത്തെ സകലദൈവങ്ങളേം വിളിച്ചു പോയ നേരം. കൈയ്യിന്നു ദെ പോയി.. ദാ വന്നെന്നു ആയപ്പോഴേക്കും ദൈവം വിളികേട്ട പോലെ മുന്നില്‍ അതാ ഒരു വലിയ ബോര്‍ഡ്‌. ഞാന്‍ പിന്നെ ഒന്നും നോക്കീല. മുണ്ടും പൊക്കി ബോര്‍ഡിന്‍റെ പുറകിലേക്ക് ഓടി. ശൂഊര്‍ര്ര്ര്ര്ര്ര്ര്ര്ര്‍.....!!!!!! ഇടുക്കി ഡാം പൊട്ടിയ ഇഫ്ഫക്റ്റ്‌! ഡാം ഒക്കെ പൊട്ടിയാല്‍ ഇത്ര സുഖം കിട്ടുമോ... പോയ ജീവന്‍ തിരിച്ചു കിട്ടിയ പോലെ. അത്രെയും നേരം ബലം പിടിച്ചിരുന്ന മസിലോക്കെ ഞാന്‍ ഒന്നയച്ചു. മാനം രക്ഷിച്ച ബോര്‍ഡിനെ തീര്‍ത്താല്‍ തീരാത്ത നന്ദിയോടു കൂടി ഞാന്‍ നോക്കി. "ഇവിടെ മൂത്രമൊഴിക്കരുത്"!!

റെഡി ടു സെര്‍വ്

അമ്മിഞ്ഞ കുടിക്കാന്‍ മുട്ടിലിഴഞ്ഞു വന്ന കണ്മണിക്ക് ഒരുമ്മയും വായില്‍ നിപ്പിള് കുപ്പിയും വച്ചു കൊടുത്തിട്ടിറങ്ങി അമ്മ ഹൃദയം.  വീടിനു മുന്നില്‍ നിന്ന് കാറിന്‍റെ ഹോണടിച്ചു അച്ഛനും സ്നേഹമറിയിച്ചു. കുപ്പിപ്പാല് നുണഞ്ഞിറക്കിക്കൊണ്ട് ഇന്‍സ്റ്റന്റ് സ്നേഹം അനുഭവിച്ചു കിടന്നു ആ കുഞ്ഞോമന.

നിന്നോട് പറയാതെ ബാക്കിവെച്ചത്

ലൂസ്യെ, നിന്നോടെനിക്ക് പ്രേമാണ് ലൂസ്യെ. നീയറിയാതെ നിന്നെ ഞാന്‍ ഒത്തിരിയൊത്തിരി സ്നേഹിക്കണ്ണ്ണ്ട് പെണ്ണേ. നീ വിചാരിക്കും പോലെ നിനക്ക് ചാണകത്തിന്‍റെ മണമൊന്നും അല്ല. നിനക്ക് പാലിന്‍റെ മണമാണ്. അപ്പൊ കറന്നെടുത്ത പാലിന്‍റെ മണം! അടങ്ങാത്ത പ്രേമത്തിന്‍റെ  മണം!


കൊല്ലുന്നതിനേക്കാള്‍ പാപമാണ് സ്നേഹിക്കുന്നതെന്ന് തല്ലി പഠിപ്പിച്ചു എന്‍റെ ചുറ്റിനും കൂടിയ അനുഭവങ്ങള്‍. തല്ലിന്‍റെ നീറുന്ന പാടുകള്‍ എണ്ണിയെണ്ണി സ്നേഹമെന്തെന്നു ഞാന്‍ മറന്നേ പോയി. 
എന്നെ ഞാന്‍ വിശ്വസിക്കുന്നു..
എന്നെ ഞാന്‍ സ്നേഹിക്കുന്നു..
എന്നെ ഞാന്‍ അനുസരിക്കുന്നു..
എന്നെ ഞാന്‍ ഞാനായി വളര്‍ത്തുന്നു...!
മോഹങ്ങളില്ലെനിക്ക്.. ആകെപ്പാടൊരു മരവിപ്പ് മാത്രം.