Saturday, 23 February 2019

വളരെ പണ്ടാണ്. ഞാൻ ഒന്നിലോ രണ്ടിലോ ആണ് പഠിക്കുന്നത്. ഒരു ദിവസം സ്കൂളിൽ വെച്ചു ഉച്ചയ്ക്ക് ഞാൻ ചോറുണ്ടിട്ട് കൈ  കഴുകികൊണ്ടിരിക്കുവാണ്. എന്നെക്കാൾ ഒരു വർഷം ജൂനിയറും അവിടുത്തെ മാത്‌സ് ടീച്ചറുടെ മകനും കൂടിയായിരുന്ന പയ്യൻ  എന്റെ അടുത്തേക്ക് ഓടി വന്നിട്ട് നീ എന്തൊരു ബ്ളാക്ക് ആണ്..നിന്റെ വീട്ടിലെ എല്ലാവരും ഇങ്ങനെ ബ്ലാക്ക്‌ ആണൊന്ന് ചോദിച്ച്‌..അയ്യേ എന്നു കളിയാക്കാൻ തുടങ്ങി. ഇവനോട് ഞാൻ മുൻപ് മിണ്ടിയിട്ട് പോലും ഇല്ലെന്നോർക്കണം. വെറുതെ ഒരു പ്രോവൊക്കേഷനും ഇല്ലാതെ എന്നെ നിന്ന് അങ്ങു കളിയാക്കുവാണ്. ചെറിയ കുട്ടിയായിരുന്ന ഞാൻ, അടുത്തു നിന്നിരുന്ന ആൾക്കാരുടെ മുന്നിൽ വെച്ചു ഇവൻ ഇങ്ങനെ നിർത്താതെ പറയുന്നത് കേട്ട് ആകെ ഷോക്കിൽ ആയിപ്പോയി. ആകെ ദേഷ്യവും സങ്കടവും. ഞാൻ വീട്ടിൽ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞു. അവൻ അപ്പൊ എന്നെ പുച്ഛിച്ചു കൊണ്ടു ഓടി പോയി. അന്ന് അതിന് ശേഷം എനിക്ക് അവനോടുള്ള ദേഷ്യം മാത്രം ആയിരുന്നു മനസ്സിൽ.

ഞാൻ അന്ന് തന്നെ വീട്ടിൽ ചെന്ന് പറഞ്ഞു. ടീച്ചറോട് ചെന്ന് ചോദിക്കാൻ പറഞ്ഞു. അവനു വഴക്ക് മേടിച്ചു കൊടുക്കണം എന്ന് പറഞ്ഞു. പക്ഷെ, സാരമില്ല പോട്ടെ എന്ന ലൈൻ ആയിരുന്നു വീട്ടുകാർക്ക്. ചീത്ത സ്വഭാവം കാണിക്കുന്നവർക്ക് പിന്നെ ശിക്ഷ കിട്ടിക്കോളും. പിന്നെ, അവൻ അവിടുത്തെ ടീച്ചറുടെ മോൻ അല്ലേ.  അങ്ങനെ ചെന്ന് പറഞ്ഞാൽ എന്റെ മാർക്ക് ഒക്കെ കുറച്ചു കളഞ്ഞാലോ..എന്നെ തോൽപ്പിച്ചാലോ എന്നൊക്കെയിരുന്നു എനിക്ക് കിട്ടിയ അഡ്‌വൈസ്. പിറ്റേന്ന് തന്നെ വീട്ടിൽ നിന്ന് വന്നു ടീച്ചറോട് കാര്യം പറയുമെന്നും അവനു നല്ല വഴക്കു കിട്ടുമെന്നും പ്രതീക്ഷിച്ച എനിക്ക് തെറ്റി. വെരി വെരി ഡിസപ്പോയിന്റഡ്. എന്നെ ആരും ഒന്നും പറഞ്ഞില്ലല്ലോ എന്ന് വീമ്പു പറയാനും അവൻ മറന്നില്ല.

വർഷം ഇത്ര കഴിഞ്ഞിട്ടും എനിക്ക് അന്ന് നടന്നത് ഇപ്പോഴും ഓർമയുണ്ട്. അന്നത്തെ അവന്റെ ക്രൂരമായൊരു ചിരിയുള്ള മുഖവും. 

കഴിഞ്ഞ ദിവസം ഈ കാര്യം പിന്നെയും മനസിലേക്ക് വന്നപ്പോൾ വെറുതെ അവനെ ഫേസ്ബുക്കിൽ സെർച്ച് ചെയ്തു നോക്കി. പ്രൊഫൈൽ കണ്ടു കിട്ടി. എന്നെ അന്ന് ഒരു കാര്യവുമില്ലാതെ കളിയാക്കിയവൻ ഇന്ന്  ഒരു പ്രൊഫഷണൽ മൊട്ടിവേഷണൽ സ്പീക്കർ ആണ്.

ങാ.. മനുഷ്യർ മാറുന്നത് നല്ലാതിനാണെങ്കിൽ...മാറ്റം നല്ലതാണ്.

ഇതേപോലെ ഇനിയും ഉണ്ട് കഥകൾ. അങ്ങോട്ട് ഒന്നും പറഞ്ഞില്ലെങ്കിലും ഇങ്ങോട്ട് വന്ന് ഈ മാതിരി വർത്താനം പറയുന്ന അല്ലെങ്കിൽ പറഞ്ഞിരുന്ന ചിലർ. സ്കൂളിലും കോളേജിലും കൂടെ പഠിച്ചവർ.. ആത്മാർത്ഥ സുഹൃത്തുക്കൾ എന്നു കരുത്തിയവർ..കൂടെ ജോലി ചെയ്തവർ..ചെയ്യുന്നവർ.. പഴയതും പുതിയതുമായ ബന്ധുക്കൾ. ചുമ്മാ കയറി വന്ന് വെറുപ്പിച്ചിട്ട് പോകും.

ഇത് വായിക്കുമ്പോൾ.. ഇത് ഇവൾ എന്നെ ഉദ്ദേശിച്ചാണ്.. എന്നെ തന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു തോന്നിയവർ ഉണ്ടെങ്കിൽ.. അത് ശരിയാണ്. നിങ്ങളെ പറ്റി തന്നെയാണ്. 

നിങ്ങൾ വന്നു പ്രസംഗിച്ചിട്ട് പോകുമ്പോൾ എനിക്ക് കിട്ടുന്നത് ഒരു തിരിച്ചറിവാണ്. ഒരു മനുഷ്യൻ എങ്ങനെയാകരുതെന്നുള്ള തിരിച്ചറിവ്.