Thursday, 21 July 2016

വിഭ്രാന്തിയുടെ മായാത്തൊരടയാളം

Representational Image.  Courtesy: Google Images


എന്‍റെ ശക്തി ക്ഷയിക്കുന്നു. പരമാവധി ശക്തിയെടുത്ത്‌ ഞാന്‍ അവനെ എതിര്‍ക്കാന്‍ നോക്കി. എന്‍റെ കൈകള്‍ അവന്‍ പൂട്ടി പിടിച്ചു. വെട്ടു കത്തി ആഞ്ഞു പൊങ്ങുന്നത് കണ്ടെന്‍റെ കണ്ണുകളടഞ്ഞു.

ചെവിക്കുള്ളില്‍ അതിഭീകരമായ ശബ്ദം മുഴങ്ങി. കണ്ണിനു ചുറ്റും കടുത്ത ചുവപ്പ് നിറം ചീറ്റി തെറിച്ചു. ആഹ്..! ഒരു നിമിഷം പിന്നാലെ വേദന അരിച്ചെത്തി. ആഹ്..! എന്‍റെ കാലുകള്‍ക്ക് നില്‍ക്കാന്‍ പറ്റുന്നില്ല. ഞാന്‍ വീണു. എന്‍റെ ശരീരം ചുരുണ്ട് കൂടി. വേദന! അതികഠിനമായ വേദന! അമ്മേ.... ഞാന്‍ കൈകള്‍ കഴുത്തില്‍ കൂട്ടി പിടിച്ചു. എന്‍റെ വിരലുകള്‍ക്കിടയിലൂടെ ചോര ഉരുള്‍പൊട്ടി ഒഴുകുന്നു. എന്‍റെ കൈ ആരോ വലിച്ചു മാറ്റി. ആഹ്.. അമ്മേ...! കണ്ണില്‍ ഇരുട്ട് കയറി. ശ്വാസം കിട്ടുന്നില്ല.

എന്‍റെ കൈയിലെയും കാലിലെയും ജീവനുള്ള മാംസം തുളച്ചു കൊണ്ട് ഇരുമ്പ് കത്തി പല തവണ കയറി ഇറങ്ങി. വിട്ടു പോകുന്നപോലെ. ആഹ്...! അനങ്ങാന്‍ പറ്റുന്നില്ല.. അമ്മേ.. ഞാന്‍ എവിടെയാണ്.. എന്താണ് സംഭവിക്കുന്നത്‌? അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതു പോലെ. ഒരുപാട് ദൃശ്യങ്ങള്‍ കണ്മുന്നില്‍ ശരവേഗത്തില്‍ പാഞ്ഞു തുടങ്ങി.

അമ്മയുടെ തോളില്‍ കയറി ഇരുന്നു ഏങ്ങലടിച്ചു കരയുന്ന അഞ്ച് വയസ്സു മാത്രമുള്ള എന്നെ അമ്മ ആശ്വസിപ്പിച്ചു. പൊട്ടിയ കൈയ്യില്‍ പതിയെ ഊതി തന്നു. പെട്ടെന്ന് പെങ്ങളുടെ കുഞ്ഞി മോള്‍ വന്നു ചോദിച്ചു. "ഇനി വരുമ്പോള്‍ മിഠായി കൊണ്ടുവന്നോട്ട." മോള്‍ടെ അരിമുല്ല പുഞ്ചിരി മുഴങ്ങി. അച്ഛന്‍ വന്നു അടുത്തിരുന്നു. കള്ളഉറക്കമായിരുന്ന എന്‍റെ തലയിലും തോളിലും തലോടി കുറേ നേരം ഇരുന്നു. കൂട്ടുകാരന്‍റെ പാത്രത്തില്‍ നിന്നും കൈയ്യിട്ടു വാരി ഞാന്‍ ചോറുണ്ടു. പെങ്ങള്‍ ആദ്യമായി സാരീയുടുത്തു മുന്നില്‍ വന്നു നിന്ന് കോക്രി കാട്ടി. ശ്വാസം മുട്ടുന്നു. വെള്ളത്തിനടിയില്‍ നിന്നും ഞാന്‍ പൊങ്ങി വന്നു. വായു ശ്വാസകോശത്തിലേക്ക് തള്ളിക്കയറി. കോളേജിന്‍റെ ഒഴിഞ്ഞ മൂലയില്‍ തൂണിന്‍റെ മറയില്‍ ഞാന്‍ അവളുടെ ചുണ്ടില്‍ ഒരു ഉമ്മ കൊടുത്തു. എന്‍റെ പെണ്ണ്.. എന്നെ തള്ളിയിട്ടവള്‍ ഓടി മറഞ്ഞു. മുത്തശ്ശിക്ക് വെറ്റില എടുത്തു കൊടുത്തു. മുത്തശ്ശന്‍ വന്നപ്പോള്‍ ഒക്കത്ത് നിന്ന് ഒരു പൊതി എടുത്തു തന്നു. നല്ല ചൂട് പരിപ്പുവട. ലാത്തി കൊണ്ട് അടി കിട്ടി ഞാന്‍ വീണു. എഴുന്നേറ്റു ഓടാന്‍ നോക്കി. കൈയ്യില്‍ കിട്ടിയ വടിയെടുത്തു തിരിച്ചു വീശി. അടി കൊണ്ടെന്‍റെ കൂട്ടുകാരന്‍ വീണു പിടഞ്ഞു.

എന്താണ് സംഭവിക്കുന്നത്‌? അമ്മേ... വേദന സഹിക്കാന്‍ വയ്യാ. ശ്വാസം എടുക്കാന്‍ കഴിയുന്നില്ല. തിരിച്ചു വരാന്‍ കഴിയാത്ത വിധം ഞാന്‍ അകന്നു പോവുകയാണെന്ന് എനിക്ക് മനസിലായി. അമ്മേ.. ഞാന്‍ എന്താണ് ചെയ്തു കൂട്ടിയത്? ഒരു നിമിഷം മുന്‍പ് വരെ എന്‍റെ ചെയ്തികളെല്ലാം ശരികളായിരുന്നു. എന്‍റെ മാത്രം ശരികള്‍. എന്‍റെ ശരികളെ എതിര്‍ക്കുന്നവരെ ഞാന്‍ വെറുത്തു. ശരീരവും മനസ്സും വെറുപ്പും ദേഷ്യവും കൊണ്ട് നിറഞ്ഞു. രാഷ്ട്രീയമെന്നും മതമെന്നും ചെല്ലപേരുകളിട്ട് ഞാന്‍ അവയെ നെഞ്ചോടു ചേര്‍ത്തു വളര്‍ത്തി. അവയ്ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യുമെന്നായി. ബന്ധങ്ങള്‍ അവിടെ അന്യമായി. ഞാനോര്‍ത്തു നോക്കി. എപ്പോഴാണ് എനിക്ക് എന്‍റെ ശരികള്‍ ഉണ്ടായത്? എപ്പോഴാണ് ഞാന്‍ സ്വാര്‍ഥനായത്? എന്തിനു വേണ്ടി? എന്തിനു വേണ്ടിയാണ് ഞാന്‍ മുദ്രാവാക്യം മുഴക്കിയത്? ചുടുചോര കണ്ടെന്‍റെ ഉള്ളില്‍ ആഹ്ലാദം അലയടിച്ചത് ആരുടെ നേട്ടത്തിന് വേണ്ടിയായിരുന്നു? എന്റെയോ? അതോ എന്‍റെ ശരികളുടെയോ?

ആഹ്! ശരികള്‍! ക്ര്ര്ര്‍... ത്ഫൂ! വര്‍ഷങ്ങള് കൊണ്ട് താലോലിച്ചു വളര്‍ത്തിയ എന്‍റെ ശരികള്‍ തെറ്റായിരുന്നെന്നു തിരിച്ചറിയാന്‍ ഈ ഒരൊറ്റ നിമിഷം വേണ്ടി വന്നു. ചോരത്തിളപ്പിന്‍റെ ആഭാസത്തരങ്ങള്‍. അമ്മേ...! ഞാന്‍ മരിച്ചു പോകുകയാണോ? വേദന, എന്‍റെ മുക്കാലും കാര്‍ന്നു തിന്നു കഴിഞ്ഞു.

ആരെങ്കിലും എന്നെ രക്ഷിക്കൂ...!! എനിക്ക് എണീക്കണം. എനിക്ക് എന്‍റെ പ്രിയപെട്ടവരെ കാണണം. അവരില്‍ നിന്നും ഞാന്‍ അകന്നിട്ട് യുഗങ്ങളായെന്ന് ഞാന്‍ മനസിലാക്കി. എന്‍റെ കണ്ണില്‍ തിമിരം പോലെ നിറഞ്ഞു നിന്ന എന്‍റെ വൃത്തികെട്ട ശരികള്‍ മാഞ്ഞു തുടങ്ങി. എഴുന്നേല്‍ക്കാനോ.. ശ്വാസമെടുക്കാണോ കഴിയുന്നില്ലല്ലോ. അമ്മേ... എന്‍റെ നെഞ്ചില്‍ ഭയങ്കര കനം അനുഭവപ്പെട്ടു. വാരിയെല്ലുകള്‍ നുറുങ്ങിയ എല്ലിന്‍ കൂട്ടമായി.

"സോദരാ.. അരുത്! എന്നെ വെട്ടി തുണ്ടമാക്കുമ്പോള്‍ നിനക്ക് കിട്ടുന്ന ഈ സുഖമുണ്ടല്ലോ..?! ഇതെല്ലാം നിന്‍റെ വെറും തോന്നലാണ്. നീ ചെയ്യുന്നത് കൊടുംപാപമാണ്. നിന്‍റെ മനസ്സില്‍ ഇപ്പോള്‍ ഒരു ചിരി കേള്‍ക്കുന്നില്ലേ? ഇത് നിന്‍റെ നാശത്തിന്‍റെ അട്ടഹാസമാണ്. ഇപ്പോള്‍... ഈ നിമിഷം ഞാന്‍ എന്‍റെ നാശത്തിന്‍റെ പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട്. വേണ്ടിയിരുന്നില്ല.. ഒന്നും. ചിന്തിക്കൂ സഹോദരാ.. എന്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്തു കൂട്ടുന്നത്‌? ചിന്തിക്കൂ സഹോദരാ... എന്നെ കൊന്നിട്ട് നീ എന്തു നേടാനാണ്? ഒരു നിമിഷം ചിന്തിക്കൂ." മനസ്സില്‍ പറയാന്‍ മാത്രമേ കഴിയുന്നുള്ളൂ. ശബ്ദം പുറത്തേക്കു വരുന്നില്ല.

പ്രഹരങ്ങള്‍ തടുക്കാന്‍ എന്‍റെ ശരീരത്തിന് ശക്തിയില്ലാതായി. വേദന ഒരു മരവിപ്പായി മാറി. എന്‍റെ ശ്വാസം നേര്‍ത്തു നേര്‍ത്തു ഇല്ലാതായി. എന്‍റെ ചലനമറ്റു. ഈ സമൂഹത്തിനെ പതിയെ ഇല്ലാതാക്കാന്‍ പോകുന്ന ഭ്രാന്തമായ അവസ്ഥയുടെ... അതിഭീകരമായ വിപത്തിന്റെ...  ഒരു മായാത്ത ഒരടയാളമായി ഞാന്‍ മാറി. 

No comments:

Post a Comment