Friday, 5 April 2019

"Good Touch and Bad Touch" അഥവാ "നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും"



കുട്ടികളോടുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വാര്‍ത്തയാകുന്ന ഈ കാലത്ത്, ഇത് പോലൊരു വിഷയം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നൊരു തോന്നല്‍ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കും മുന്‍പേ എനിക്ക് ചെറുപ്പത്തില്‍ നേരിട്ട ഒരു അനുഭവം പറയാം.

പത്ത് പന്ത്രണ്ടു കൊല്ലം മുന്‍പാണ്. കൌമാരത്തിന്‍റെ തുടക്കം. എല്ലാവരുടേയും പോലെ മനസിനും ശരീരത്തിനും മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങുന്ന സമയം. ഒരു ദിവസം ക്ലാസ്സില്‍ വെച്ച് അധ്യാപകനോട് എന്തോ കാര്യം ചോദിക്കാനായി അവരുടെ അടുത്തേക്ക് പോയി. അവര്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ അറിയാത്ത മട്ടില്‍ കൈ എന്‍റെ നെഞ്ചിനടുത്ത് തട്ടി. പെട്ടെന്ന് ഞാന്‍ പുറകോട്ടു നീങ്ങി. റിഫ്ലെക്സ്‌! എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. ഈ വ്യക്തി അത് അറിഞ്ഞതായി ഭാവിക്കുക പോലും ചെയ്തില്ല. സംസാരിക്കുന്നതിന്‍റെ ഇടയില്‍ അറിയാതെ കൈയെടുത്തപ്പോള്‍ സംഭവിച്ചതാകും എന്ന് ഞാന്‍ കരുതി. ഇത് സംഭവിക്കുന്നത്‌ ഒരു മാത്ര നേരത്തേക്കും നാല്‍പതിനു അടുത്ത് കുട്ടികള്‍ ഉള്ള ക്ലാസിനു മുന്‍പിലും ആണ്. മാറ്റാരും ഇത് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്ന് കരുതുന്നു. ഇനി കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചതാണോ അതോ അറിവില്ലായ്മ ആയിരുന്നോ എന്നും അറിഞ്ഞുകൂടാ. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടായെന്ന്  അറിയുന്നതിന് മുന്‍പ് വരെ ഞാന്‍ ശരിക്കും കരുതിയിരുന്നത്, ഇത് അവര്‍ക്ക് അറിയാതെ സംഭവിച്ചത് ആയിരിക്കും എന്നാണു. കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് , അന്ന് ഇത് മുതിര്‍ന്ന ആരോടെങ്കിലും പറയണം എന്നുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ഞങ്ങളുടെ അറിവില്ലായ്മയും, വഴക്ക് കിട്ടുമോ എന്നും കൂടുതല്‍ ഉപദ്രവങ്ങള്‍ ഉണ്ടാകുമോ എന്നും, എങ്ങനെ എന്തൊക്കെയോ ഭയം ആയിരുന്നു. പോരാത്തതിന് ഞങ്ങള്‍ക്ക് വിശ്വസിച്ചു പറയുവാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പറഞ്ഞാല്‍ തന്നെ അവര്‍ അത് എങ്ങനെ എടുക്കും എന്നൊരു ആകുലത. ആ വര്‍ഷം തന്നെ അയാള്‍ സ്കൂളില്‍ നിന്ന് മാറി പോയത് കൊണ്ട് ഈ കാര്യം പിന്നീടു പുറത്തു വന്നതും ഇല്ല.

പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, അന്ന് ഞങ്ങള്‍ക്ക് ലൈംഗികതയെ പറ്റിയും ചൂഷണങ്ങളെ തിരിച്ചറിയുന്നതിനെ പറ്റിയും പറഞ്ഞു തരുവാന്‍ ആരും ഉണ്ടായിരുന്നില്ല. സ്കൂളില്‍ പ്യുബെര്‍ട്ടിയെ പറ്റി ക്ലാസുകള്‍ നടന്നിട്ടുണ്ടെങ്കിലും, അത് നമ്മളെ തന്നെ മനസിലാക്കാന്‍ ഒരു പരിധി വരെ സഹായകരമായിരുന്നെങ്കില്‍ പോലും, അതെല്ലാം നല്ലതും ചീത്തയും തിരിച്ചറിയാന്‍ മാത്രം ബലവത്തായിരുന്നെന്നു കരുതാന്‍ കഴിയുന്നില്ല. (ഇന്ന് സ്കൂളുകളില്‍ അന്നത്തെക്കാളും മികച്ച ബോധവത്കരണം നടക്കുന്നുണ്ടാകുമായിരിക്കും എന്ന് കരുതുന്നു.)

ഞാനിപ്പോള്‍ പറഞ്ഞത് പോലുള്ളതോ അതിലും മോശപെട്ടതോ ആയ അനുഭവങ്ങള്‍ പലരില്‍ നിന്നും, വീട്ടില്‍ നിന്നോ സ്കൂളില്‍ നിന്നോ മറ്റു പലരില്‍ നിന്നോ പലപ്പോഴായി അനുഭവിക്കേണ്ടി വന്നിട്ടുള്ള ഒത്തിരി പേര്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടാകും. ഒരു പക്ഷേ, ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്കും അത്തരത്തിലുള്ള ഒരു ദുരനുഭവം ഓര്‍മ്മ വന്നേക്കാം. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാ 'sexual orientation'ഇലും പെടുന്ന ആളുകള്‍ക്കും ഇത് നേരിടേണ്ടി വരുന്നുണ്ട്. അവിടെ പ്രായത്തിനും പ്രസക്തി ഇല്ലാതാകുന്നു. വളരെ ചുരുക്കം സംഭവങ്ങള്‍ മാത്രമേ ശ്രദ്ധയില്‍ പെടുന്നുള്ളു. കുട്ടികളുടെ അറിവില്ലായ്മയും ഉപദ്രവിക്കുന്നവരുടെ ഭീഷണിപ്പെടുത്തലുകള്‍ കൊണ്ടുള്ള ഭയമോ, അങ്ങനെ പലകാരണങ്ങള്‍ കൊണ്ട് അവര്‍ ഇത് പുറത്തു പറയാന്‍ മടിക്കുന്നു.

ഇത്തരം അവസ്ഥകള്‍ ഇനിയൊരു കുട്ടിക്കും ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ചു മുന്‍കൈ എടുക്കേണ്ടതുണ്ട്. കുട്ടികളോട് ലൈംഗികതയെ പറ്റി സംസാരിക്കാന്‍ കൌമാരം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരു വയസ്സ് പോലും പ്രായമാകാത്ത കുഞ്ഞുങ്ങള്‍ പോലും ക്രൂരത അനുഭവിക്കേണ്ടി വരുന്നത് നമ്മള്‍ വാര്‍ത്തകളില്‍ കാണുന്നില്ലേ?

പ്രായത്തിനു ചേര്‍ന്ന രീതിയില്‍, അവര്‍ക്ക് മനസ്സിലാകാന്‍ കഴിയുന്നത്‌ പോലെ ചെറുപ്പത്തിലെ തന്നെ നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും എന്തെന്ന് പറഞ്ഞു കൊടുക്കുക. ഇത് മാതാപിതാക്കളും അധ്യാപകരും മാത്രമല്ല കുട്ടികളെ സ്നേഹിക്കുന്ന, അവര്‍ക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യേണ്ട ഒരു കാര്യമാണ്.

ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ആരെങ്കിലും കുട്ടിയോട് പെരുമാറിയാല്‍ അത് തുറന്നു പറയണമെന്നും അവരുടെ സഹായത്തിനായി തങ്ങള്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും പറഞ്ഞു മനസിലാക്കിക്കുക. ആരോഗ്യകരമായ ഒരു സൗഹൃദം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. അവരോടു സംസാരിക്കുമ്പോള്‍ സമൂഹത്തിനെ പറ്റി പേടിയല്ല, മറിച്ച് നല്ലതും ചീത്തയുമായ കാര്യങ്ങളെ പറ്റി പറഞ്ഞുകൊടുത്തുകൊണ്ട് തന്നെ, എന്തിനേയും നേരിടാന്‍ ഉള്ള ധൈര്യമാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍, ഞങ്ങള്‍ കുട്ടികള്‍ക്ക് അന്നുണ്ടായത് പോലുള്ള ഭയം, ആകുലത ഒക്കെ ഒഴിവാക്കാം. അത് പോലെ തന്നെ ആരോടും മോശപ്പെട്ട രീതിയില്‍ പെരുമാറരുതെന്നും പറഞ്ഞു കൊടുക്കണം. ഇതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അവരില്‍ നിന്നും സമൂഹത്തിനു ഉപദ്രവങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതും നമ്മള്‍ തന്നെ. അല്ലെ?

ഇങ്ങനെ ചെറുപ്പത്തിലെ പകര്‍ന്നു കൊടുക്കുന്ന നല്ല അറിവുകള്‍, ശരിയായ രീതിയില്‍ ആണെങ്കില്‍, അവര്‍ വളര്‍ന്നു വരുമ്പോഴും അത് അവര്‍ക്ക് ഗുണം മാത്രമേ ചെയ്യു. ഇത് നല്ലൊരു തലമുറയെ സൃഷ്ടിക്കാന്‍ സഹായിക്കും.

ഗൌരവമേറിയ കാര്യങ്ങള്‍ എങ്ങനെ കുട്ടികളോട് ആശയവിനിമയം നടത്തും എന്ന് സംശയിക്കുന്നവര്‍ക്കായി യൂടുബില്‍ കണ്ട ചില വീഡിയോ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

1) "Keep our Children SAFE ! Learn the difference between Good Touch and Bad Touch:
A wonderful video by Dr Bhooshan of childpsychiatrypune.com on what is Bad Touch, What to do and whom to go to. Do discuss this with your child and keep them safe !"
https://www.youtube.com/watch?v=NLkheb5wxmE

2) Teaching our kids about good touch and bad touch
We feel it is vitally important in this day and age to teach our children about appropriate touch. This type of education will help protect and defend them against predators that are out there. The video is of Mom and Dad attempting to instruct the kids about who can touch them and where people can touch them.

https://www.youtube.com/watch?v=22lNTxO8qpQ

3) CSA English (Good Touch Bad Touch)
https://www.youtube.com/watch?v=wEuPGKKsrtk

ഇത്പോലെ പല രീതികളിലൂടെ കുട്ടികളെ ബോധാവല്‍കരിച്ചിട്ടുള്ളവര്‍ ആണ് നിങ്ങള്‍ എങ്കില്‍, അതെങ്ങനെയെന്ന്‍ ദയവായി മറ്റുള്ളവര്‍ക്കും പറഞ്ഞു കൊടുക്കുക.

ഈ ലേഖനം, അധ്യാപകവൃന്ദത്തെ ഒന്നാകെ അപമാനിക്കാന്‍ ഉദ്യേശിച്ചിട്ടുള്ളതല്ലെന്നും ഏതൊരു മേഘലയിലും കാണപ്പെടാവുന്ന ആണും പെണ്ണും ഉള്‍പ്പെടുന്ന സാമൂഹ്യവിരുദ്ധര്‍, കുട്ടികളെ ചൂഷണം ചെയ്യുന്നതിനെ പറ്റി പറയുവാന്‍ വേണ്ടി മാത്രമാണെന്നും പറഞ്ഞു കൊള്ളട്ടെ. അതിനോടൊപ്പം തന്നെ എല്ലാവരോടും നമ്മുടെ കുട്ടികള്‍ നല്ല വ്യക്തികളായി വളരുവാന്‍ സ്വയം അവര്‍ക്കൊരു ഉദാഹരണമാകണം എന്നും അപേക്ഷിക്കുന്നു.

"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 29  November 2016 

No comments:

Post a Comment