Thursday 7 February 2013

അന്തരിന്ദ്രിയം

ആശ്ചര്യം! അതായിരുന്നു അപ്പോള്‍ എന്‍റെ കണ്ണില്‍ നിറഞ്ഞു നിന്നിരുന്ന വികാരം. നിറങ്ങള്‍ എന്‍റെ ചുറ്റും മതിമറന്നു നൃത്തം വയ്ക്കുകയായിരുന്നു. ലോകത്തിലെ എല്ലാ നിറങ്ങളും കൂടി ഒരുമിച്ചു ഒരേ വേദിയില്‍. ഇതിനു മുന്‍പ് ഞാന്‍ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടേയില്ല. പെട്ടെന്നായിരുന്നു, ഒരു ചുവന്ന പ്രകാശം എന്‍റെ കണ്ണുകളടപ്പിച്ചു. ഒരു നിമിഷം നീണ്ടു നിന്ന ഞെട്ടല്‍. ഞാന്‍ കണ്ണുകള്‍ തുറന്നു. അപ്പോഴേക്കും കറുപ്പ് നിറം അവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. ചുറ്റും ഇരുട്ട് മാത്രം.

എല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് മനസിലാക്കാന്‍ വീണ്ടും ഒരു നിമിഷം വേണ്ടി വന്നു. ഞാന്‍ കിടക്കുന്നതിനു മുന്‍പ് അടുത്തു വെച്ചിരുന്ന മൊബൈല്‍ എടുത്തു സമയം നോക്കി. 2:30 am. ഫോണ്‍ വെച്ചിട്ട് ഞാന്‍ ഒന്ന് തിരിഞ്ഞു. ഇല്ലാ...എനിക്ക് തിരിയാന്‍ പറ്റുന്നില്ലല്ലോ. ശരീരത്തിനു ഭാരം കൂടിയത് പോലെ. ശിരസ്സ്‌ മുതല്‍ പാദം വരെ ഭയത്തിന്‍റെ തരിപ്പു പടര്‍ന്നു കേറി. എന്നോട് ചേര്‍ന്ന്...പിന്നില്‍ നിന്നും എന്നെ ചുറ്റി പിടിച്ചു ആരോ... അതെ ആരോ...എന്‍റെ അടുത്തു കിടക്കുന്നുണ്ട്. അത് ശക്തിയായി ശ്വസിക്കുന്നത് എനിക്ക് അറിയാന്‍ കഴിയുന്നുണ്ട്. എന്നില്‍ ഉത്ഭവിച്ച ഭയം അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി. സര്‍വശക്തിയും എടുത്തുകൊണ്ടു ഞാന്‍ അലറി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ഭയത്തിന്‍റെ ശക്തി അത്രയധികമായിരുന്നു. ആ ശക്തിയില്‍ എന്‍റെ കൈകാലുകള്‍ ചലിച്ചു. അടുത്തു കിടന്ന ശരീരം തട്ടിമാറ്റിക്കൊണ്ട് കട്ടിലില്‍ നിന്നും ഞാന്‍ എഴുന്നേറ്റു ഓടി. ഇരുട്ടയത് കൊണ്ട് ഏതു ദിശയിലേക്കാണ് ഓടിയെന്നു നിശ്ചയമില്ല. ഉടനെ തന്നെ ഞാന്‍ ഒരു ഭിത്തിയില്‍ ചെന്നിടിച്ചു വീണു.

വേദനയും ഭയവും! ഹൃദയമിടിപ്പ്‌ കൂടി. വായുവിനു കനം വെച്ചു. ശ്വാസം കിട്ടുന്നില്ല. ഞാന്‍ ആഞ്ഞു ശ്വാസമെടുക്കാന്‍ ശ്രമിച്ചു. തണുത്തു വിറങ്ങലിച്ച ഞാന്‍ പെട്ടെന്നെഴുന്നേറ്റു ഭിത്തിയില്‍ ലൈറ്റിന്റെ സ്വിച്ച് പരതി. എന്‍റെ കണ്ണുകള്‍ ഇരുട്ടിനെ തുറിച്ചു നോക്കിക്കൊണ്ടിരികുകയായിരുന്നു അപ്പോള്‍.

ഒരല്‍പ്പനേരം ലക്കില്ലാതെ ഭിത്തില്‍ ഓടിയ എന്‍റെ കൈകള്‍ ഒരു സ്വിച്ച് പോലെ എന്തോ ഒന്നില്‍ തടഞ്ഞു. ഞാന്‍ അതില്‍ അമര്‍ത്തി. ഇല്ല.. ലൈറ്റ് ഓണ്‍ ആയില്ല. കൈ അടുത്തതിലേക്ക് ഞൊടി വേഗത്തില്‍ പാഞ്ഞു. അതും ഓണ്‍ ആയില്ല. ഞാന്‍ തൊണ്ട പൊട്ടും വിധം അലറി. രണ്ടു മൂന്നു സ്വിച്ച് കൂടി ഇടാന്‍ ശ്രമിച്ചു. അവസാനത്തെതിനു ഇരുട്ട് അവിടുന്ന് വിട പറഞ്ഞു. 

ഈ ഒരു മിനിട്ടിനുള്ളില്‍ ഞാന്‍ ആകെ വിയര്‍ത്തു കുളിച്ചിരുന്നു. ഞാന്‍ അപ്പോഴും ആഞ്ഞു ശ്വസിച്ചുകൊണ്ടേയിരുന്നു. കണ്ണില്‍ നിന്നും വെള്ളം അണപൊട്ടിയൊഴുകി. പതിയെ..പതിയെ ഞാന്‍ കട്ടിലിലേക്ക് മുഖം തിരിച്ചു.

ഞാന്‍ അവിടെ കണ്ടത്.... അയ്യോ... എന്‍റെ തലകറങ്ങുന്നത് പോലെ. നിശബ്ധയെ മുറിച്ചു കൊണ്ട് വീണ്ടും എന്‍റെ അലര്‍ച്ച. ഞാന്‍ വാതിലിനു നേരെ പാഞ്ഞു. വിറ കാരണം ഞാന്‍ വേച്ചു പോയി. ഇഴഞ്ഞിഴഞ്ഞു ഞാന്‍ ഒരു വിധം വാതിലിനടുത്തെത്തി. അതിന്‍റെ പിടിയില്‍ പിടിച്ചു ഞാന്‍ എഴുന്നേറ്റു. കാലുകള്‍ക്ക് ശക്തി തീരെ ഇല്ലെന്നു തന്നെ പറയാം. എന്നിരുന്നാലും ഞാന്‍ പിടിയില്‍ പിടിച്ചു വലിച്ചു. തുറയുന്നില്ല. വാതില്‍ കുറ്റിയിട്ടിരിക്കുവാണ്. ഈ വെപ്രാളത്തില്‍ അതൊന്നും ശ്രദ്ധയില്‍ പെട്ടില്ല. ശരവേഗത്തില്‍ കുറ്റി മാറ്റി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. വീണ്ടും... ഇതെന്തൊരു പരീക്ഷണമാണ്..!! വാതില്‍ തുറയുന്നില്ല. ആരോ പുറത്തുനിന്നും പൂട്ടിയിരിക്കുന്നു. ഞാന്‍ വാതിലില്‍ ഇടിച്ചു കൊണ്ട് വിളിച്ചു. കുറെ വിളിച്ചു. ആരും വിളി കേള്‍ക്കുന്നില്ല.

ഞാന്‍ മുഖം പൊത്തി മുറിയുടെ മൂലയില്‍ പോയി ഇരുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ വീഴുകയായിരുന്നു. എവിടെനിന്നോ കിട്ടിയ ഒരു നിമിഷം മാത്രം ദൈര്‍ഖ്യമുണ്ടായിരുന്ന ധൈര്യം, എന്നെക്കൊണ്ട് വിരലുകള്‍ക്കിടയിലൂടെ ആ കട്ടിലിലേക്ക് വീണ്ടും നോക്കിച്ചു. എന്‍റെ നിലവിളികള്‍ വക വയ്കാതെ... കേട്ട ഭാവം പോലുമില്ലാതെ.. കട്ടിലില്‍... അത് അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. 
അത്....അത്...ഞാന്‍ തന്നെയായിരുന്നു..!!!!!!

കണ്ണുകള്‍ ഇറുക്കിയടച്ചു ഞാന്‍ ഉറക്കെയുറക്കെ കരഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. മനസ്സിന്‍റെ താളം തെറ്റിയ പോലെ. തലയില്‍ ഇരുമ്പ് കമ്പി തുളഞ്ഞു കേറുന്ന പോലത്തെ വേദന. എനിക്കിവിടുന്നു രക്ഷപെടണം. ഞാന്‍ ഭിത്തിയോട് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നു. ഒരു ഗോളം പോലെ ഞാന്‍ ചുരുണ്ടു.

പൊടുന്നനെ ആണ്...കട്ടില്‍ അനങ്ങുന്ന ശബ്ദം. ആ ശബ്ദം എന്‍റെ കാതുകളെ നടുക്കി. ചെവി പൊത്തികൊണ്ട് ഞാന്‍ നിലവിളിച്ചു. പക്ഷേ എന്‍റെ ചുണ്ടുകള്‍ ഒന്ന് ചലിച്ചതെയുള്ളൂ. പുറത്തു വന്നത് വെറും വിതുമ്പല്‍ മാത്രം. കാലുകളിലെ ഇല്ലാത്ത ബലം കൊണ്ട് ഞാന്‍ എന്നെ ഊന്നി ഭിത്തി തുരന്നുകൊണ്ടിരുന്നു. ഭയപ്പാടുകൊണ്ട് ചെയ്തു പോകുന്ന നിശ്ഫലമായ ഒരു ക്രിയ. 

മുറിയില്‍ നിശബ്ദത കുറഞ്ഞു വന്നു. എന്‍റെ ഹൃദയം ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് തോന്നുന്നു. അത്ര വേഗതയിലും ശക്തിയിലുമാണ് അത് മിടിക്കുന്നത്. ധ്രുവങ്ങളിലെ തണുപ്പിനെ വെല്ലുന്ന തരം തണുപ്പ്. അവ്യക്തമായ ശബ്ദവീചികള്‍ അവിടമാകെ ആലയടിക്കാന്‍ തുടങ്ങി.
പതിയെ അവ വ്യക്തമായ് വന്നു. രണ്ടു മൂന്നു പേര്‍ തമ്മില്‍ ഒരു സംഭാഷണം പോലെ. അവ എന്‍റെ അടുത്തേക്ക് നടന്നടുക്കുന്നത് ഞാന്‍ അറിഞ്ഞു. എന്‍റെ ചെവിയില്‍...ഒരു നനുത്ത സ്പര്‍ശം..!!
 
ഹൃദയമിടിപ്പ് നിന്ന് പോയോ?! എന്‍റെ ജീവന്‍റെ മുക്കാല്‍ ഭാഗവും മരിച്ചു. എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസിലായില്ലെങ്കിലും ഞാന്‍ ഒന്നുറപ്പിച്ചു....ബാക്കിയുള്ള ജീവന്‍ മരിക്കാന്‍ ഇനി അധികം നേരമില്ല. ശ്വാസം കിട്ടുന്നില്ല. എത്ര ആഞ്ഞു വലിച്ചിട്ടും എനിക്ക് ശ്വാസം കിട്ടുന്നില്ല. എനിക്ക് സഹിക്കാന്‍ വയ്യ. മരണ വെപ്രാളത്തില്‍ ഞാന്‍ പിടഞ്ഞു. എന്‍റെ കണ്ണുകള്‍ തുറിച്ചു.
 
കണ്ണിനു മുന്നില്‍ ഒരു വെളുത്ത പാട പോലെ. ആ നേര്‍ത്ത പാടയിലൂടെ ഞാന്‍ കണ്ടു. കട്ടിലില്‍ കിടന്നിരുന്ന “എന്‍റെ” ശരീരത്തില്‍ നിന്നും രക്തമോഴുകുന്നു. അടുത്തു...ആ “എന്നെ” നോക്കി കരയുന്ന...മൂന്നു പേര്‍. അവര്‍ ആരെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പേ ആ വെളുത്ത പാട കാഴ്ച്ചയെ മറച്ചു. ഞാന്‍ തളര്‍ന്നു വീണു. എന്‍റെ ചലനമറ്റു. 

വാതില്‍ തുറക്കുന്ന ശബ്ദം. അതിനു പുറകെ വ്യക്തതയില്ലാത്ത വേറെ കുറേ ശബ്ദങ്ങള്‍. എന്‍റെ ശരീരത്തിന് ഭാരമില്ലാതാകുന്ന പോലെ. ഞാന്‍ ഒഴുകുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഒഴുക്ക് നിന്നു. തണുപ്പ് കുറഞ്ഞു വന്നു. കണ്ണിനു മുന്നിലെ വെളുത്ത പാടയില്‍ നിറങ്ങളുടെ ചെറിയ പൊട്ടുകള്‍. അവയുടെ എണ്ണം കൂടി കൂടി വന്നു.

ആശ്ചര്യം! അതായിരുന്നു അപ്പോള്‍ എന്‍റെ കണ്ണില്‍ നിറഞ്ഞു നിന്നിരുന്ന വികാരം. നിറങ്ങള്‍ എന്‍റെ ചുറ്റും മതിമറന്നു നൃത്തം വയ്ക്കുകയായിരുന്നു. ലോകത്തിലെ എല്ലാ നിറങ്ങളും കൂടി ഒരുമിച്ചു ഒരേ വേദിയില്‍. ഇതിനു മുന്‍പ് ഞാന്‍ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടേയില്ല. പെട്ടെന്നായിരുന്നു, ഒരു ചുവന്ന പ്രകാശം എന്‍റെ കണ്ണുകളടപ്പിച്ചു. ഒരു നിമിഷം നീണ്ടു നിന്ന ഞെട്ടല്‍. ഞാന്‍ കണ്ണുകള്‍ തുറന്നു. അപ്പോഴേക്കും കറുപ്പ് നിറം അവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. ചുറ്റും ഇരുട്ട് മാത്രം.

3 comments: