Sunday 10 November 2013

ഫേസ്ബുക്ക്

മുകളില്‍ നിന്നും താഴോട്ടു ഉരുട്ടി ഉരുട്ടി
പിന്നെ താഴെ നിന്നും മുകളിലേക്ക് ഉരുട്ടി ഉരുട്ടി
വീണ്ടും മുകളില്‍ നിന്നിതാ താഴോട്ടു
താഴെ നിന്നിതാ മുകളിലോട്ടും
ഇതിനിടയില്‍ വീണു കിട്ടിയ അഞ്ചാറു
ലൈക്കുകളും കമന്റുകളും തിന്നുകൊണ്ട്
ഞാന്‍ എന്‍റെ മനസിന്‍റെ വിശപ്പടക്കി..!


യന്ത്രമനുഷ്യരും വിപ്ലവകാരിയും

യന്ത്രങ്ങളെക്കാള്‍ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന മനുഷ്യജന്മങ്ങള്‍ എനിക്ക് ചുറ്റും. പണ്ടെങ്ങോ ആരോ മെനഞ്ഞു വെച്ച കുറെ നിയമങ്ങള്‍ പരസ്യമായി പാലിച്ചു കൊണ്ടും രഹസ്യമായി ലംഘിച്ചുകൊണ്ടും കുറെ ജന്മങ്ങള്‍.
എനിക്ക് ശ്വാസം മുട്ടുന്നു. ഞാന്‍ ഇവിടുന്നു രക്ഷപെടാന്‍ പോകുന്നു. എന്‍റെ ഉള്ളിലെ വിപ്ലവകാരി ഉണര്‍ന്നു. കൂടുതല്‍ ഒന്നും എനിക്ക് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ഇറങ്ങി നടന്നു...എനിക്ക് ശരിയെന്നു തോന്നുന്ന വഴിയിലൂടെ....

Thursday 31 October 2013

പുരോഗമനം

മനുഷ്യന്‍ പുരോഗമിക്കുകയാണ്...പിന്നോട്ട്..!!

Sunday 27 October 2013

വഴി തെറ്റിയ ഭ്രൂണം

ചെന്നെത്തിയ ഉദരത്തിനെന്നെ വേണ്ടെന്നു പറഞ്ഞപ്പോഴാണ് വഴി തെറ്റിയെന്ന്  എനിക്ക് മനസിലായത്. ചെന്നെത്തേണ്ടിയിരുന്നത് തൊട്ടടുത്തിരുന്ന ഉദരത്തിലായിരുന്നു. കൊല്ലങ്ങൾ ആയി എന്നെ കാത്തിരുന്ന ആ ഉദരത്തിൽ. 

"സമയം പിന്നോട്ട് സഞ്ചരിച്ചിരുന്നെങ്കിൽ....തെറ്റിയ വഴി തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ...!". വന്നു ചേർന്ന വിധിയെ പഴിച്ചുകൊണ്ട് ഞാൻ എന്റെ മരണം വരുന്നതും കാത്തിരുന്നു. 

Sunday 15 September 2013

ഭാവരഹിതം... മൂകമീ ജീവിതം...


ഞാന്‍ കരഞ്ഞു മടുത്തു. എന്‍റെ കരച്ചില്‍ കണ്ടു നിന്നവര്‍ക്കും നന്നേ മടുത്തെന്നു അവരുടെ മുഖം കണ്ടാല്‍ അറിയാം. വയ്യ..! എനിക്ക് മതിയാവോളം സന്തോഷിക്കണം. എന്നാല്‍ ഇനി മുതല്‍ ചിരിച്ചേക്കാം. കണ്ടു നില്‍ക്കുന്നവര്‍ക്കും സന്തോഷമാവട്ടെ. കരഞ്ഞു കൊണ്ടിരുന്ന ഞാന്‍ ചിരിച്ചു തുടങ്ങി. 

കാഴ്ചക്കാരുടെ സന്തോഷം കാണാന്‍ വേണ്ടി ഞാന്‍ അവരെ നോക്കി. അവരുടെ കണ്ണുകളില്‍ ഒരു സംശയം തളം കെട്ടി നില്‍ക്കുന്നുണ്ടോ? ആരുടേയും മുഖത്ത് ചിരിയില്ല. “ഞാന്‍ സന്തോഷിച്ചിട്ടും അവരെന്താ ചിരിക്കാത്തത്?” ഞാന്‍ ഓര്‍ത്തു. 

ഉടനെ തന്നെ എനിക്കുത്തരവും കിട്ടി. “എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ അവളിങ്ങനെ ചിരിക്കില്ല” കൂട്ടത്തില്‍ ഉണ്ടായിരുന്ന ആരോ പിറുപിറുക്കുന്നത് കേട്ടു. അത് കേട്ടതും ഞാന്‍ ചിരി നിര്‍ത്തി. പിന്നീടൊരിക്കലും ഞാന്‍ ചിരിച്ചതും ഇല്ല. കരഞ്ഞതും ഇല്ല.

Saturday 14 September 2013

ഞാന്‍ ആ നെഞ്ചില്‍ തലചായ്ച്ചു കിടന്നു.
എന്‍റെ മനസ്സിന്‍റെ ഭാരമെല്ലാം അലിഞ്ഞില്ലാതായി.

Sunday 28 April 2013

ജനിക്കും മുന്‍പേ!

ജനിക്കും മുന്‍പേ....., ഞാന്‍ ആണെന്നോ പെണ്ണെന്നോ അറിയും മുന്‍പേ,അച്ഛന്‍ പറഞ്ഞു, 'നീ വലുതാവുമ്പോള്‍ ഒരു ഡോക്ടര്‍ ആകണം' എന്ന്. അപ്പോള്‍ അമ്മ പറഞ്ഞു 'വേണ്ട, നീ ഒരു എഞ്ചിനീയര്‍ ആയാല്‍ മതി' എന്ന്. അച്ഛന്‍ പറ്റില്ലെന്ന് പറഞ്ഞു. അമ്മയും വിട്ടു കൊടുത്തില്ല. രണ്ടു പേരും പറഞ്ഞു പറഞ്ഞു അതൊരു തര്‍ക്കമായി. അടിയായി. ഇടിയായി. ജനിക്കാത്ത എന്നെ ചൊല്ലി എന്‍റെ അച്ഛനും അമ്മയും ശത്രുക്കളായി.  ഒടുവില്‍ സഹിക്കാന്‍ വയ്യാതെ ഞാന്‍ ആത്മഹത്യ ചെയ്തു...ജനിക്കും മുന്‍പേ...!!
ചിന്തകള്‍ക്ക് വാക്കുകളായി മാറാന്‍ ഒരു മടി പോലെ.
നീ ആരെയാണ് ഭയപെടുന്നത്?
ഈ സമൂഹത്തെയോ?
അതോ നിന്നെ തന്നെയോ?

Tuesday 5 March 2013

പ്രണയിക്കുന്നു, നിന്നെ ഞാനിപ്പോഴും...!!

കൗമാരത്തിന്‍റെ എല്ലാവിധ പൊട്ടത്തരങ്ങളും ഉണ്ടായിരുന്ന സമയത്ത് എന്‍റെ പൊട്ടബുദ്ധിയില്‍ പൊട്ടി മുളച്ച ഒരു പൊട്ടകവിത...!! 

പ്രിയമുള്ള കൂട്ടുകാരാ......,
നീയറിയാനായ് ഞാനെഴുതുന്നു ഈ വരികള്‍..
വെറുതെ കുത്തിക്കുറിക്കും വരികളല്ലിവയെന്നോര്‍ക്കുക,
ഓരോ വരിയിലും വാക്കിലുമക്ഷരത്തിലുമെന്‍റെ
മനസ്സിന്‍ വികാരത്തെ നീ അറിയുക.
ജീവിതത്തെ കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടപ്പോള്‍,
കണ്ടൂ ഞാന്‍ നിന്നെയും ആ സ്വപ്നങ്ങളില്‍....
അതില്‍ നീയെന്‍ നായകനായ് മാറിയപ്പോള്‍
ആദ്യം സംശയിച്ചു; നിന്നോടെനിക്ക് പ്രേമമോയെന്നു.
അല്ല! ഇതെന്‍റെ വെറും തോന്നലുകള്‍,
പ്രായത്തിന്‍ ചപലതകള്‍; എന്നൊക്ക
ചൊല്ലി, ഞാന്‍ എന്‍ മനസ്സോടു വീണ്ടും വീണ്ടും.
പക്ഷേയെപ്പോഴും എന്‍ മിഴികള്‍,
നിന്നെ തേടിയലഞ്ഞപ്പോള്‍,
എന്‍റെ കാതുകള്‍ രണ്ടും നിന്‍
സ്വരം കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍,
എല്ലായ്പ്പോഴും നീ, നിറഞ്ഞ പുഞ്ചിരിയും
മധുരമോഴികളുമായ് മനസ്സാകെ നിറഞ്ഞപ്പോള്‍,
ഞാനറിഞ്ഞു, എനിക്ക് നിന്നോടുള്ള ആ
ദിവ്യാനുഭൂതിതന്‍ ആന്തരാര്‍ത്ഥം.
ഞാനറിഞ്ഞു, ഇതാണ് പ്രണയം!
ആദ്യമായൊരുവനോട് തോന്നിയ വികാരം!
ഇതെങ്ങനെയറിയിക്കുമെന്ന ആലോചനയിലാണ്ടാപ്പോള്‍
വന്നു നീ പറഞ്ഞു, നിന്‍റെയിഷ്ടം ഞാനെന്നു..!

Sunday 17 February 2013

പ്രവചനം

പൊങ്ങച്ചസഞ്ചിക്കുള്ളില്‍ കുലുങ്ങി നടക്കുന്നൊരു മാതൃത്വവും,
കുപ്പികളിലും പുകച്ചുരുളുകളിലും നിറഞ്ഞൊഴുകുന്നൊരു പിതൃത്വവും,
പെരുവഴികളില്‍ പിറന്നുവീഴുന്നൊരു അനാഥത്വവും,
വരും തലമുറകള്‍ക്ക് അന്യമായിയൊരു മനുഷ്യത്വവും..!

കലിയും കല്‍ക്കിയും

കലി ഉറഞ്ഞു തുള്ളുകയാണ്. സര്‍വ്വസംഹാര താണ്ഡവം. കാമക്രോധവിദ്വേഷത്തിന്‍റെ വിഷശരങ്ങള്‍, മുന്നില്‍ കാണുന്ന സകല ജീവജാലങ്ങളുടെയും മേല്‍ ഉന്നം പിഴക്കാതെ എയ്തുകൊണ്ട് അവന്‍ നടന്നു. ആ ശരപ്രഹരങ്ങളേറ്റു പിടയുന്ന ഓരോ ജീവന്‍റെയും നിലവിളി, അവന്‍റെ കാതുകള്‍ക്ക് മധുര സംഗീതമായി മാറി. നദികള്‍ രുധിരവര്‍ണ്ണത്തിലൊഴുകി. ഒരു തരി മണ്ണുപോലും കാണാന്‍ കഴിയാത്ത വിധം ശവശരീരങ്ങള്‍ ഭൂമിയില്‍ കുമിഞ്ഞു കൂടി. ആകാശത്തിനു ഇപ്പോള്‍ നിറമില്ലാത്ത ഒരു നിറമാണ്. ഈ കാഴ്ചകള്‍ കണ്ടു അവന്‍റെ കണ്ണുകള്‍ ഹോമകുണ്ഡം പോലെ ജ്വലിച്ചു. ജീവന് വേണ്ടി കെഞ്ചിയവരെ നോക്കി അവന്‍ കളിയാക്കി ചിരിച്ചു. 

ഇനിയും ഇത് തുടരാന്‍ അനുവദിച്ചുകൂടാ! കല്‍ക്കിയുടെ രംഗപ്രവേശനത്തിനു നേരമായിരിക്കുന്നു. 

കല്‍ക്കി??

Cut..cut..cut...! കല്‍ക്കിയെവിടെ?

Thursday 7 February 2013

അന്തരിന്ദ്രിയം

ആശ്ചര്യം! അതായിരുന്നു അപ്പോള്‍ എന്‍റെ കണ്ണില്‍ നിറഞ്ഞു നിന്നിരുന്ന വികാരം. നിറങ്ങള്‍ എന്‍റെ ചുറ്റും മതിമറന്നു നൃത്തം വയ്ക്കുകയായിരുന്നു. ലോകത്തിലെ എല്ലാ നിറങ്ങളും കൂടി ഒരുമിച്ചു ഒരേ വേദിയില്‍. ഇതിനു മുന്‍പ് ഞാന്‍ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടേയില്ല. പെട്ടെന്നായിരുന്നു, ഒരു ചുവന്ന പ്രകാശം എന്‍റെ കണ്ണുകളടപ്പിച്ചു. ഒരു നിമിഷം നീണ്ടു നിന്ന ഞെട്ടല്‍. ഞാന്‍ കണ്ണുകള്‍ തുറന്നു. അപ്പോഴേക്കും കറുപ്പ് നിറം അവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. ചുറ്റും ഇരുട്ട് മാത്രം.

മഹാകാവ്യം

അവളുടെ കണ്ണില്‍ നിന്നും ധാരയായ് ഒഴുകിയ കറുത്ത നീര്‍ത്തുള്ളികള്‍, ആ വെളുത്ത പ്രതലത്തില്‍ അക്ഷരരൂപങ്ങളായി മാറിക്കൊണ്ടിരുന്നു.

അതവളുടെ നഷ്ടപ്രണയത്തിന്‍റെ മഹാകാവ്യമായിരുന്നു. ഒരിക്കലും നശിക്കാത്ത മഹാകാവ്യം!

ഉപദേശം

ജീവിക്കാന്‍ അറിയാത്തവര്‍
ജീവിതം ആസ്വദിക്കാന്‍ അറിയാത്തവര്‍
ജീവിതമെന്തെന്നെന്നെ പഠിപ്പിക്കാന്‍ വരുന്നു.
ഇതിലും വലിയൊരു ദുര്‍വിധി
ഇനി എനിക്ക് വരുവാനുണ്ടോ?

ഓര്‍മ്മപ്പെടുത്തല്‍

എന്‍റെ നഗ്നമാറിടങ്ങള്‍ കണ്ടു നിന്‍റെ കണ്ണുകള്‍ ആര്‍ത്തിപൂകുന്നത് ഞാന്‍ ശ്രദ്ധിച്ചു. അന്നതു വിശപ്പടക്കാനുള്ള ആര്‍ത്തിയായിരുന്നുവെങ്കില്‍, ഇന്ന് ഞാന്‍ കണ്ടതു കാമമടക്കുവാനുള്ള ആര്‍ത്തിയായിരുന്നു.  

മകനേ...അരുത്..., ഞാന്‍ നിന്‍റെ അമ്മയാണ്...!!