Tuesday, 5 March 2013

പ്രണയിക്കുന്നു, നിന്നെ ഞാനിപ്പോഴും...!!

കൗമാരത്തിന്‍റെ എല്ലാവിധ പൊട്ടത്തരങ്ങളും ഉണ്ടായിരുന്ന സമയത്ത് എന്‍റെ പൊട്ടബുദ്ധിയില്‍ പൊട്ടി മുളച്ച ഒരു പൊട്ടകവിത...!! 

പ്രിയമുള്ള കൂട്ടുകാരാ......,
നീയറിയാനായ് ഞാനെഴുതുന്നു ഈ വരികള്‍..
വെറുതെ കുത്തിക്കുറിക്കും വരികളല്ലിവയെന്നോര്‍ക്കുക,
ഓരോ വരിയിലും വാക്കിലുമക്ഷരത്തിലുമെന്‍റെ
മനസ്സിന്‍ വികാരത്തെ നീ അറിയുക.
ജീവിതത്തെ കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടപ്പോള്‍,
കണ്ടൂ ഞാന്‍ നിന്നെയും ആ സ്വപ്നങ്ങളില്‍....
അതില്‍ നീയെന്‍ നായകനായ് മാറിയപ്പോള്‍
ആദ്യം സംശയിച്ചു; നിന്നോടെനിക്ക് പ്രേമമോയെന്നു.
അല്ല! ഇതെന്‍റെ വെറും തോന്നലുകള്‍,
പ്രായത്തിന്‍ ചപലതകള്‍; എന്നൊക്ക
ചൊല്ലി, ഞാന്‍ എന്‍ മനസ്സോടു വീണ്ടും വീണ്ടും.
പക്ഷേയെപ്പോഴും എന്‍ മിഴികള്‍,
നിന്നെ തേടിയലഞ്ഞപ്പോള്‍,
എന്‍റെ കാതുകള്‍ രണ്ടും നിന്‍
സ്വരം കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍,
എല്ലായ്പ്പോഴും നീ, നിറഞ്ഞ പുഞ്ചിരിയും
മധുരമോഴികളുമായ് മനസ്സാകെ നിറഞ്ഞപ്പോള്‍,
ഞാനറിഞ്ഞു, എനിക്ക് നിന്നോടുള്ള ആ
ദിവ്യാനുഭൂതിതന്‍ ആന്തരാര്‍ത്ഥം.
ഞാനറിഞ്ഞു, ഇതാണ് പ്രണയം!
ആദ്യമായൊരുവനോട് തോന്നിയ വികാരം!
ഇതെങ്ങനെയറിയിക്കുമെന്ന ആലോചനയിലാണ്ടാപ്പോള്‍
വന്നു നീ പറഞ്ഞു, നിന്‍റെയിഷ്ടം ഞാനെന്നു..!


ഇത് കേട്ട മാത്രയില്‍ തോന്നിയതെന്തെന്നാല്‍
ഞാനല്ലോ, ഈ ലോകത്തിലേറ്റവും ഭാഗ്യം ചെയ്തവള്‍.
ഞാനിന്നുമോര്‍ക്കുന്നു നമുക്കിടയില്‍ പ്രണയത്തിന്‍
പൂമൊട്ട് വിരിഞ്ഞെന്നു നാം അറിഞ്ഞ നാള്‍.
അറിയാതെ തന്നെയെത്രയോ വട്ടം നമ്മുടെ
മിഴികളുടക്കിയതു നിനക്കൊര്‍മ്മയില്ലേ?
പിന്നെയെത്രയോ നേരം തമ്മില്‍ നോക്കിയിരുന്നപ്പോള്‍,
പറന്നുയര്‍ന്നു നാം മേഘക്കൂട്ടങ്ങള്‍ക്കിടയില്‍.
ചുറ്റും സംഭവിക്കുന്നതോന്നുമേ അറിഞ്ഞീല്ലപ്പോള്‍,
നെയ്തുകൂട്ടി ഒരുമിച്ചേറെ സ്വപ്നങ്ങളും.
വികാരനൌകയില്‍ പുണര്‍ന്നിരുന്ന്‍ പ്രണയമാം
നദിയിലൂടെറെ ദൂരം തുഴഞ്ഞു ആലസ്യമില്ലാതെ.
പോകും വഴികളിലെല്ലാം അനുരാഗപുഷ്പങ്ങള്‍
മാദനസുഗന്ധം പടര്‍ത്തി നമുക്കായെപ്പോഴും.
കുയിലിന്‍ നാദവും ദലമര്‍മ്മരങ്ങളും വര്‍ഷാ-
രവങ്ങളും ഇളംതെന്നലും ഒത്തുചേര്‍ത്തു
പ്രകൃതിയൊരുക്കിയന്നു നാം പാടിയ പ്രണയ-
ഗാനങ്ങള്‍ക്കായൊരു സുന്ദര പശ്ചാത്തലം.
ആകര്‍ഷമായാപ്രപഞ്ചയാത്രയില്‍
ആഹ്ലാദത്താല്‍ മതിമറന്നൂ നമ്മള്‍.


കാലം പക്ഷേ, നമ്മെ കാത്തു നില്‍ക്കാതെ
കടന്നേറെ പോയിരുന്നു മുന്നോട്ട്.
ഇടക്കെപ്പോഴോ അറിഞ്ഞു, നിലയില്ലാ-
കയത്തിലെക്കാണ് നാം തുഴഞ്ഞതെന്നു.
പ്രണയത്തിന്‍ ജീവനൌക ആകെയുലഞ്ഞു,
യാഥാര്‍ഥ്യത്തിന്‍റെ ചുഴലിക്കാറ്റില്‍.
സത്യത്തിന്‍ മുഖമെത്ര ഭീകരമെന്ന് സാവധാനം,
എന്നാലേറെ വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു.
ഒന്നിച്ചു കണ്ട സ്വപ്നങ്ങളെല്ലാം വെറും
നഷ്ടസ്വപ്നങ്ങളാകുമെന്നു കരുതിയില്ലോരിക്കലും.
ഈശ്വരനെ പകുത്തിയ ഭ്രാന്തന്‍ മനുഷ്യ-
സൃഷ്ടിയാലേ, അകലാനായിരുന്നു നിയോഗം.
ഞാനിന്നുമോര്‍ക്കുന്നു നമുക്കിടയില്‍ വേര്‍പാടിന്‍
അതിര്‍വരമ്പുകള്‍ വരയ്ക്കപ്പെട്ട ആ ദിവസം.
ആ ദുഃഖസത്യമുള്‍ക്കൊള്ളുവാന്‍
സാധിച്ചിട്ടില്ലെന്‍ മനസിനിനിയും.
നിമിഷങ്ങള്‍ ദിവസങ്ങള്‍ മാസങ്ങളെത്ര-
യെത്ര കടന്നുപോയിട്ടെന്നാലും
നിന്‍റെയോര്‍മ്മകളൊക്കെയും സദാ-
യെന്‍റെ മനസിനെ കുത്തിനോവിച്ചീടുന്നു.
ഒന്നു മിണ്ടാതെ,കാണാതെ തള്ളിനീക്കിയ-
തെങ്ങനെയിത്ര നാളുമെന്നെനിക്കറിയില്ല,
നീയെന്നെ ഓര്‍ക്കുന്നുവോ എന്നുപോലും
നിശ്ചയമില്ലെനിക്ക്; പക്ഷേയെന്‍
ജീവന്‍റെ അവസാന ഹൃദയസ്പന്ദനത്തിലും
മനമാകെ നിന്നോര്‍മ്മകളാകുമെന്നറിയുക.
വെറും വാക്കുകളല്ലിവ വെറും വരികളല്ല,
ഇവയെന്‍ മാനസം പ്രതിഫലിക്കും കണ്ണാടി.
പൂര്‍ണമായ് വിടര്‍ന്ന ആ പ്രണയപുഷ്പം
വാടിക്കരിഞ്ഞിടുവാന്‍ ആഗ്രഹമില്ലെനിക്ക്.
ഇനിയുമേറെ ചൊല്ലാനുണ്ടെങ്കിലും നിര്‍ത്തുന്നു
ഞാനിതിപ്പോള്‍ എന്‍ പ്രിയതോഴാ...
അവസാനമായൊരു കാര്യം കൂടി,
പ്രണയിക്കുന്നു, നിന്നെ ഞാനിപ്പോഴും...!!!!


No comments:

Post a Comment