Friday 5 April 2019

നിലക്കാത്ത ചോദ്യങ്ങൾ

രാവിലെ ഒരു പത്തേകാൽ . വീട്ടിൽ മറ്റാരുമില്ല. കോളിങ് ബെൽ അടിച്ചു . പുറകെ ഡോറിൽ രണ്ടു മുട്ടും കേട്ടു . ഈ സമയത്തു ഇതാരാണ് ? ഭർത്താവ് അല്പം മുൻപ് ഓഫീസിലേക്ക് ഇറങ്ങിയതെ ഉള്ളു. ഇനി ഓഫീസ് ഇല്ലേ ? എന്തെങ്കിലും എടുക്കാൻ മറന്നുവോ ? അതോ ഇനി ഫ്ളാറ്റിലെ കെയർ ടേക്കർരുടെ കുട്ടിയാണോ? ആ കുട്ടി ഇടക്ക് ഇലെക്ട്രിസിറ്റി ബില്ല് തരാനും മറ്റും വരാറുണ്ട്. അടുത്ത ഫ്ളാറ്റുകളിലെ ആരെയും പരിചയമില്ല. ഒന്ന് രണ്ടു പേരെ കണ്ടിട്ടുണ്ടെങ്കിലും, എല്ലാരും അവരവരുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചു വന്നു.

അങ്ങനെ ഒരു നൂറു ചോദ്യങ്ങളുമായി ഞാൻ വാതിൽ കുറച്ചു തുറന്നു. ഞാൻ വാതിൽ തുറക്കുന്നത് കണ്ട് മുകളിലെ നിലയിലേക്കു പോകാൻ തുടങ്ങിയ ആൾ തിരിച്ചു വന്നു . ചെറിയൊരു ചിരി അയാളുടെ മുഖത്ത് ഉണ്ടായിരുന്നു. എന്റെ മനസ്സിൽ ആകെ സംശയവും ടെൻഷനും. നല്ല മെലിഞ്ഞിട്ട്, അല്പം മുഷിഞ്ഞ വേഷം ധരിച്ച, ഒരു 27-28 പ്രായം തോന്നുന്ന ആൾ. അയാൾ എന്റെ നേരെ ഒരു പേപ്പർ നീട്ടി .

വാതിലിന്റെ പിന്നിൽ നിന്ന് തന്നെ അയാളോട് എന്താണെന്ന് ചോദിച്ചു. അയാൾ ഒന്നും മിണ്ടിയില്ല . നമ്മുടെ നാട്ടിൽ നടക്കുന്ന കൊള്ളരുതായ്മകൾ തന്ന ഭീതിയോടെ ഞാൻ ആ പേപ്പർ വായിക്കാൻ ശ്രമിച്ചു. എനിക്ക് ശ്രദ്ധ കിട്ടിയില്ല . ഒരു കൈ ഞാൻ വാതിലിന്റെ ലോക്കിൽ തന്നെ പിടിച്ചു.

പേപ്പർ ഓടിച്ചു വായിച്ചപ്പോൾ മനസ്സിലായത് എന്തെന്നാൽ, ഒരാൾക്ക് ചെവി കേൾക്കാനോ സംസാരിക്കാനോ സാധിക്കില്ല . ആ വ്യക്തിയുടെ സഹോദരന് പഠന ആവശ്യത്തിനായി 17500 രൂപയുടെ ആവശ്യമുണ്ട്. സഹായം ചോദിച്ചു വന്നതാണ്. പേപ്പറിൽ പ്രിൻസിപ്പാളിന്റെ സീലും ഒപ്പും ഉണ്ട് . മറ്റൊരു പേപ്പറിൽ പൈസ കൊടുത്ത ആളുകളുടെ പേരും എമൗണ്ടും .

ഞാൻ അയാളോട് നില്ക്കാൻ ആവശ്യപ്പെട്ടു. പേപ്പറിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ ശ്രദ്ധയോടെ വായിക്കുവാനോ അതെല്ലാം ശരിയാണോ എന്ന് ആലോചിക്കാൻ സാധിക്കുന്നില്ല. വാതിൽ കുറ്റിയിട്ട് പൈസ ഉണ്ടോയെന്ന് തപ്പി . വീട്ടിൽ ആകെ ഇരിക്കുന്നത് ഒരു നൂറു രൂപയുടെ നോട്ട് ആണ്. ആ ലിസ്റ്റിൽ 500 രൂപ ഒക്കെ കൊടുത്തിരിക്കുന്നവരുടെ പേരുകൾ കണ്ടു . വേഗം ആളെ പറഞ്ഞു വിടണം എന്ന് മാത്രമേ അപ്പോൾ തോന്നിയുള്ളൂ. ഒന്നുമില്ലെന്ന് പറയാൻ തോന്നിയും ഇല്ല . ഉണ്ടായിരുന്ന 100 രൂപ എടുത്തു കൊണ്ട് വന്നു വാതിൽ തുറന്നു അയാൾക്ക് കൊടുത്തു. അപ്പോഴും ഞാൻ വാതിലിനു പിന്നിൽ ലോക്കിൽ കൈ വെച്ച് നിൽക്കുകയായിരുന്നു . അയാൾ എന്റെ മുഖം കാണും വിധം നീങ്ങി നിന്നിട്ട് ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു പോയി. ഞാൻ ശരിയെന്നു തലയാട്ടി വേഗം വാതിലടച്ചു .

ചെറിയൊരു ടെൻഷനോടെ അല്ലാതെ ഒരു രണ്ടു മൂന്ന് മിനിറ്റ് കൊണ്ട് നടന്ന സംഭവം ഓർക്കാൻ പറ്റുന്നില്ല . അയാൾ തന്ന പേപ്പറിൽ പറഞ്ഞിരിക്കുന്നത് സത്യമാണെങ്കിൽ ഞാൻ അയാളെ സംശയത്തോടെ കണ്ടത് അയാൾക്ക് മാനസീകമായി ബുദ്ധിമുട്ടു ഉണ്ടാക്കിയിട്ടുണ്ടാകും . ഞാൻ ചെയ്തത് തെറ്റാകും.

എന്നാൽ ദിനംപ്രതി മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ കേൾക്കുന്ന ഒരു സാധാരണവ്യക്തി എന്ന നിലയിൽ ഇങ്ങനെ അല്ലാതെ പെരുമാറാനും കഴിയുന്നില്ല. ഒരു പക്ഷെ , ആ പേപ്പറിൽ പറഞ്ഞിരിക്കുന്നത് വ്യാജമാണെങ്കിൽ ? പൈസ തട്ടിയെടുക്കുക അല്ലെങ്കിൽ ഉപദ്രവിക്കുക ആണ് അയാളുടെ ഉദ്ദേശമെങ്കിൽ ? അങ്ങനെയെങ്കിൽ ഈ ഒരു സംശയത്തെ കുറ്റപ്പെടുത്താൻ കഴിയില്ല ..

എന്താണ് ശരി അല്ലെങ്കിൽ എന്താണ് തെറ്റ് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ. പരിചയമുള്ളതും ഇല്ലാത്തതുമായ നാടുകൾ. പരിചയമുള്ളതും ഇല്ലാത്തതുമായ ആളുകൾ. ആരെ വിശ്വസിക്കണം. ആരെ വിശ്വസിക്കരുത് . ഉത്തരങ്ങൾ ഇല്ലാത്ത അനേകം സംശയങ്ങളുമായി ഭീതിയോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥ! ദുരവസ്ഥ!

ഇങ്ങനെയൊരു അവസ്ഥക്ക് കാരണക്കാർ ആരാണ് ? ഞാനോ ? നീയോ ? അതോ എല്ലാവരുമോ ? ചോദ്യങ്ങൾ ഒരിക്കലും തീരുന്നില്ല!!!



"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 13  March  2017  

No comments:

Post a Comment